ചരിത്രം കുറിച്ച് അഭിലാഷ് ടോമി; ഗോൾഡൻ ഗ്ലോബിൽ രണ്ടാമനായി തീരംതൊട്ടു

11:34 AM Apr 29, 2023 | Deepika.com
ലെ സാബ്ലെ ദെ ലോൺ (ഫ്രാൻസ്): ഗോൾഡൻ ഗ്ലോബ് പായ് വഞ്ചിയോട്ട മത്സരത്തിൽ ചരിത്രമെഴുതി മലയാളി നാവികൻ അഭിലാഷ് ടോമി. ഫ്രാൻസിലെ ലെ സാബ്ലെ ദെ ലോൺ തുറമുഖത്താണ് രണ്ടാം സ്ഥാനക്കാരനായി അഭിലാഷ് ടോമി ഫിനീഷ് ചെയ്തത്.

ഗോൾഡൻ ഗ്ലോബ് റേസില്‍ പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഏഷ്യക്കാരനും ആദ്യ ഇന്ത്യക്കാരനും എന്ന പുതുചരിത്രമാണ് അഭിലാഷ് ടോമി കുറിച്ചത്. അഭിലാഷ് ടോമി ഉൾപ്പടെ ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളവരുടെ ചിത്രങ്ങളും യാത്രാവിശേഷങ്ങളുമുൾപ്പെടുത്തിയ കട്ടൗട്ടുകൾ തുറമുഖത്ത് സ്ഥാപിച്ചിട്ടുണ്ട്.

ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കക്കാരി കിഴ്സ്റ്റൺ നോയിഷെയ്ഫർ കഴിഞ്ഞ ദിവസം മത്സരം പൂർത്തിയാക്കിയിരുന്നു. മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രിയൻ യാത്രികൻ മൈക്കൽ ഗുഗൻബർഗ് അഭിലാഷിനേക്കാൾ ആയിരത്തിലധികം മൈൽ ദൂരം പിന്നിലാണ്.

ഫിനിഷിംഗ് പോയിന്‍റിലെത്തുന്ന സമയത്തിനൊപ്പം, വഞ്ചിയുടെ സഞ്ചാരപാത, ഉപയോഗിച്ച ഇന്ധനത്തിന്‍റെ അളവ് തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് വിജയികളെ സംഘാടകർ പ്രഖ്യാപിക്കുന്നത്. 16 പേർ മത്സരിച്ച ഗോൾഡൻ ഗ്ലോബ് റേസിൽ ഇവർ മൂവരും മാത്രമാണ് അവസാനഘട്ടം വരെ മത്സരരംഗത്തുണ്ടായിരുന്നത്.

പ്രതികൂല കാലാവസ്ഥയെത്തുടർന്നു മറ്റ് 13 പേരും മത്സരത്തിൽനിന്നു പിന്മാറി. 2022 സെപ്റ്റംബർ നാലിനാണ് അഭിലാഷിന്‍റെ പായ് വഞ്ചി യാത്ര ആരംഭിച്ചത്. 3,00,000 മൈലാണ് മത്സരദൂരം. 300 ദിവസത്തിനു മുന്പ് യാത്ര പൂർത്തീകരിക്കുകയാണു ലക്ഷ്യമെങ്കിലും 235 ദിവസം പിന്നിട്ടപ്പോഴേക്കും അഭിലാഷിന് ഫിനിഷിംഗ് പോയിന്‍റിലേക്കെത്താനായി.

ഇന്ത്യൻ നാവികസേനയിൽ റിട്ട. കമാൻഡറായ അഭിലാഷ് കൊച്ചി കണ്ടനാട് സ്വദേശിയാണ്.