ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) തലവൻ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരെ ഡൽഹി പോലീസ് രണ്ട് കേസുകൾ ഫയൽ ചെയ്തു. രാജ്യത്തെ പ്രമുഖ ഗുസ്തി താരങ്ങൾ ലൈംഗികാരോപണം ഉന്നയിച്ചതിനെ തുടർന്ന് നടപടി.
ബജ്റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരുൾപ്പെടെയുള്ള ഗുസ്തി താരങ്ങൾ ഡൽഹിയിലെ ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധത്തിനിടയിലാണ് കേന്ദ്രമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡൽഹി പോലീസ് രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സുപ്രീംകോടതി നോട്ടീസ് നൽകിയതിനു പിന്നാലെയായിരുന്നു ഡൽഹി പോലീസിന്റെ നടപടി.
എഫ്ഐആറുകളിൽ ഒന്ന് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ ലൈംഗികാതിക്രമ പരാതിയുടെ പേരിലാണ്. രണ്ടാമത്തെ എഫ്ഐആർ മറ്റ് ഗുസ്തിക്കാർ ഉന്നയിച്ച ലൈംഗിക പീഡന ആരോപണങ്ങളുമായി ബന്ധപ്പെട്ടതാണ്.
തനിക്കെതിരായ ലൈംഗികാരോപണങ്ങളിൽ പോലീസ് കേസ് ഫയൽ ചെയ്യാനുള്ള സുപ്രീം കോടതി ഉത്തരവിനെ ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ് സ്വാഗതം ചെയ്തു.
സുപ്രീംകോടതി നോട്ടീസിനു പിന്നാലെ ബ്രിജ് ഭൂഷണെതിരെ കേസെടുത്തു
11:16 PM Apr 28, 2023 | Deepika.com