ന്യൂഡല്‍ഹി: ഷാംഗ്ഹായ് കോ-ഓപ്പറേഷന് ഓര്ഗനൈസേഷന് അംഗങ്ങളായ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ ഉച്ചകോടി വെള്ളിയാഴ്ച ഡല്‍ഹിയില്‍. സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷനാകും.
ചൈനീസ് പ്രതിരോധ മന്ത്രി ലീ ഷാംഗ്ഫു, താജിക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി കേണല്‍ ജനറല്‍ ഷെറാലി മിര്‍സോ, ഇറാന് പ്രതിരോധ മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് റെസാ ഘരായ് അസ്റ്റിയാനി, കസാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി കേണല്‍ ജനറല്‍ റസ്ലാന് സാക്സില്നിക്കോവ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.
റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗുവും ഉസ്ബെക്കിസ്ഥാന്, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളിലെ പ്രതിരോധ മന്ത്രിമാരും സമ്മേളനത്തില്‍ പങ്കെടുക്കും. പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വെര്‍ച്വല്‍ മീഡിയത്തിലൂടെ പങ്കെടുക്കും. "സുരക്ഷിത-എസ്സിഒ' എന്നതാണ് ഇത്തവണത്തെ തീം.
പ്രാദേശിക സമാധാനവും സുരക്ഷയും, ഭീകരവാദം തടയലും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തലും യോഗത്തില്‍ ചര്‍ച്ചയാകും. സമ്മേളനത്തിന് മുന്നോടിയായി പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പരസ്പര താല്‍പ്പര്യമുള്ള മറ്റ് കാര്യങ്ങളിലും ചര്‍ച്ച ഉണ്ടാകും.
ഇന്ത്യ, റഷ്യ, ചൈന, പാക്കിസ്ഥാന്, കിര്‍ഗിസ്ഥാന്‍, കസാക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന് എന്നിവയാണ് എസ്സിഒയിലെ അംഗരാജ്യങ്ങള്‍. അംഗരാജ്യങ്ങളെ കൂടാതെ, ബെലാറസും ഇറാനും നിരീക്ഷക രാജ്യങ്ങളായി പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഗാല്‍വാനിലെ അതിര്‍ത്തി ലംഘനത്തിന് ശേഷം ചൈനീസ് പ്രതിരോധ മന്ത്രിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനം കൂടിയാണിത്.
എസ്സിഒ പ്രതിരോധ മന്ത്രിമാരുടെ ഉച്ചകോടി ഇന്ന്; രാജ്നാഥ് സിംഗ് അധ്യക്ഷനാകും
08:57 AM Apr 28, 2023 | Deepika.com