എഐ കാമറ ഇടപാട് പകൽക്കൊള്ള: രേഖകൾ പുറത്തുവിട്ട് ചെന്നിത്തല

04:08 PM Apr 27, 2023 | Deepika.com
തിരുവനന്തപുരം: എഐ കാമറ പദ്ധതി പകൽക്കൊള്ളയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം കണ്ട വലിയ അഴിമതി കൃത്യമായ ആസൂത്രണത്തോടെയാണ് നടത്തിയത്. ചട്ടങ്ങളെ കാറ്റിൽ പറത്തിയുള്ള ക്രമക്കേടുകളാണ് പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പദ്ധതിക്ക് അനുമതി നൽകിയ ഏപ്രിൽ 12ലെ കാബിനറ്റ് ഉത്തരവ് തന്നെ വിചിത്രമാണ്. കൊള്ള നടന്നെന്ന് ബോധ്യപ്പെട്ടിട്ടും അതിന് അനുമതി നൽകുകയാണോ മന്ത്രിസഭ ചെയ്യേണ്ടതെന്നും ചെന്നിത്തല ചോദിച്ചു. തെറ്റ് നടന്നുവെന്ന് ബോധ്യപ്പെട്ട ശേഷം അനുമതി നൽകിയത് കാബിനറ്റിന്‍റെ വലിയ പിഴയാണ്.

മന്ത്രിസഭയുടെ അനുഗ്രഹത്തോടെയാണ് ഇത്രവലിയ കൊള്ള നടന്നിരിക്കുന്നത്. കള്ളന്മാർക്ക് കവചമൊരുക്കുകയാണ് സർക്കാർ. പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണ പ്രഖ്യാപനം പ്രതിപക്ഷം ചവറ്റുകൊട്ടയിലേക്ക് തള്ളുകയാണ്. കൊള്ളയെ വെള്ളപൂശാനാണ് വ്യവസായ മന്ത്രി പി. രാജീവ് ശ്രമിച്ചതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

എഐ കാമറയ്ക്കുവേണ്ടിയുള്ള പർച്ചേസ് രേഖകളും ചെന്നിത്തല പുറത്തുവിട്ടു. എസ്ആർഐടി ലൈറ്റ് മാസ്റ്ററിന് നൽകിയ പർച്ചേസ് ഓർഡറാണ് പുറത്തുവിട്ടത്. പർച്ചേസ് ഓർഡർ പ്രകാരം പദ്ധതിയുടെ ആകെ ചെലവ് 75.32 കോടി രൂപയാണ്. 83.6 കോടി രൂപയ്ക്ക് പദ്ധതി നടപ്പാക്കുമെന്ന് എസ്ആർഐടി രേഖകൾ പറയുന്നു.

കരാറുകളിൽ ട്രോയ്സ് എന്ന കമ്പനിയുടെ ഡയറക്ടർ ജിതേഷിന്‍റെ റോളെന്താണെന്ന് വ്യക്തമാക്കണം. ശിവശങ്കറിന് സർക്കാരിൽ ഉണ്ടായിരുന്നതിനേക്കാൾ സ്വാധീനം ജിതേഷിനുണ്ടെന്നാണ് മനസിലാക്കാൻ കഴിയുന്നത്.

പ്രസാദിയോ എന്ന കമ്പനിയെ കുറിച്ച് അന്വേഷണം വേണം. കമ്പനിയുടെ ഉടമ രാംജിത്ത് ആരാണ്, മുഖ്യമന്ത്രിയുമായി എന്ത് ബന്ധം, എത്രതവണ ക്ലിഫ്ഹൗസ് സന്ദർശിച്ചുവെന്നതടക്കമുള്ള വിവരങ്ങളെല്ലാം പുറത്ത് വരണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.