സുഡാനില്‍ വെടിയേറ്റു മരിച്ച ആല്‍ബര്‍ട്ടിന്‍റെ ഭാര്യയും മകളും കൊച്ചിയിലെത്തി

02:14 PM Apr 27, 2023 | Deepika.com
കൊച്ചി: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനില്‍ വെടിയേറ്റു മരിച്ച വിമുക്ത ഭടന്‍ കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്‍റെ ഭാര്യയും മകളും കേരളത്തില്‍ തിരിച്ചെത്തി.

ഇന്നു രാവിലെ 10ന് ആല്‍ബര്‍ട്ടിന്‍റെ ഭാര്യ സൈബല്ലയും മകള്‍ മരീറ്റയുമാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ജിദ്ദയില്‍ നിന്നെത്തിയ ഇരുവരും സ്വദേശമായ കണ്ണൂരിലേക്ക് പുറപ്പെട്ടു. ആല്‍ബര്‍ട്ടിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

വെടിയേറ്റു മരിച്ച ഫ്ളാറ്റില്‍നിന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും മൃതദേഹം മാറ്റാനാകാത്തതിനെ തുടര്‍ന്ന് സൈബല്ല സര്‍ക്കാരിന്‍റെ അടിയന്തര സഹായം അഭ്യര്‍ഥിച്ചിരുന്നു. പിന്നീട് മൂന്നു മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെതുടര്‍ന്നാണ് മൃതദേഹം മാറ്റാനായത്.