തിരുവനന്തപുരത്ത് നവജാതശിശുവിനെ വിറ്റ സംഭവം: പോലീസ് കേസെടുത്തു

12:08 PM Apr 27, 2023 | Deepika.com
തിരുവനന്തപുരം: നവജാതശിശുവിനെ പണത്തിന് വേണ്ടി വിറ്റ സംഭവത്തില്‍ പോലീസ് കേസെടുത്തു. കോടതിയുടെ അനുമതിയോടെയാണ് തമ്പാനൂര്‍ പോലീസ് കേസെടുത്തത്.

ജുവനൈല്‍ ജസ്റ്റീസ് ആക്റ്റ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുഞ്ഞിനെ വാങ്ങിയ സ്ത്രീയെ കേസില്‍ പ്രതി ചേര്‍ക്കുമെന്ന് പോലീസ് അറിയിച്ചു.

ഈ മാസം ഏഴിന് തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെയാണ് ദമ്പതികള്‍ മൂന്നു ലക്ഷം രൂപയ്ക്ക് വിറ്റത്. കരമന സ്വദേശിയായ യുവതിക്കാണ് കുഞ്ഞിനെ കൈമാറിയത്.

നേരത്തെ തന്നെ കുഞ്ഞിനെ വില്‍ക്കാന്‍ സ്ത്രീയുമായി ധാരണയിലെത്തിയതിന്‍റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. ഏഴാം മാസത്തിലാണ് കുഞ്ഞിന്‍റെ അമ്മയായ പൊഴിയൂര്‍ സ്വദേശി തൈക്കാട് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ആ സമയത്ത് തന്നെ ആശുപത്രിയില്‍ നല്‍കിയത് കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയുടെ വിലാസമാണ്.

വില്‍പ്പന നിശ്ചയിച്ചതിന് ശേഷം, കൃത്യമായ ആസൂത്രണത്തോടെയാണ് യുവതി തൈക്കാട് ആശുപത്രിയില്‍ ചികിത്സ തേടിയതെന്നാണ് നിഗമനം. സ്‌പെഷല്‍ ബ്രാഞ്ചിന് രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ വിറ്റവിവരം സ്ഥിരീകരിച്ചത്.

ഉടന്‍ തന്നെ കുഞ്ഞിനെ വാങ്ങിയ ആളില്‍ നിന്നും പോലീസ് കുട്ടിയെ ഏറ്റെടുത്തു. കുഞ്ഞിനെ ശിശുക്ഷേമ സംരക്ഷണസമിതിക്ക് കൈമാറിയിരുന്നു.