ചെന്നൈ: തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് വ്യാജമാണെന്ന് ആവർത്തിച്ച് സംസ്ഥാന ധനമന്ത്രി പളനിവേൽ ത്യാഗരാജൻ. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകൻ ഉദയനിധി, മരുമകൻ ശബരീശൻ എന്നിവരെ സംബന്ധിച്ചു താൻ ഒരു പരാമർശവും നടത്തിയിട്ടില്ലെന്നും അണ്ണാമലൈ പുറത്തുവിട്ട ഓഡിയോ ടേപ്പ് വ്യാജമായി നിർമിച്ചതാണെന്നും ത്യാഗരാജൻ പറഞ്ഞു.
തനിക്കും മുഖ്യമന്ത്രിക്കുമിടയിൽ ഭിന്നിപ്പുണ്ടാക്കാക്കി രാഷ്ട്രീയനേട്ടം കൊയ്യാൻ ഒരു ബ്ലാക്മെയ്ൽ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ആരോപിച്ചു. അണ്ണാമലൈ ആദ്യ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനു പിന്നാലെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താലാണ് ഈ ടേപ്പ് നിർമിച്ചതെന്നു ത്യാഗരാജൻ ട്വിറ്ററിൽ വിശദീകരിച്ചിരുന്നു. ബറാക് ഒബാമ, ഡോണൾഡ് ട്രംപ്, മനോജ് തിവാരി എന്നിവരുടേതായി പ്രചരിച്ച വ്യാജ ഓഡിയോ ക്ലിപ്പുകളും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
ഉദയനിധിക്കും ശബരീശനുമെതിരേ സംസ്ഥാനത്തെ പ്രതിപക്ഷ നേതാക്കൾപോലും ആരോപണളുയർത്തിയിട്ടില്ല. അതുകൊണ്ടാണ്, ഉടമസ്ഥനില്ലാത്ത വ്യാജ ഓഡിയോ ക്ലിപ്പുകളുമായി സംഘം രംഗത്തുവന്നത്. ഇതിൽനിന്നു രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ശ്രമം വിജയിക്കില്ല. ഇന്നുവരെ പാർട്ടി ഒറ്റക്കെട്ടായാണു പ്രവർത്തിക്കുന്നത്-ത്യാഗരാജൻ പറഞ്ഞു.
ഡിഎംകെ ഒറ്റക്കെട്ട്, ഓഡിയോ വ്യാജം: പളനിവേൽ ത്യാഗരാജൻ
02:14 AM Apr 27, 2023 | Deepika.com