ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; 10 സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു

03:37 PM Apr 26, 2023 | Deepika.com
റായ്പുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 10 സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. ബുധനാഴ്ച ഉച്ചയോടെ തെക്കൻ ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലെ അരൺപുരിലാണ് സംഭവമുണ്ടായത്.

മാവോയിസ്റ്റ് വിരുദ്ധസേന സഞ്ചരിച്ച വാഹനത്തിന് നേരെ കുഴിബോംബ് ആക്രമണമാണ് ഉണ്ടായത്. ജില്ലാ റിസർവ് ഗാർഡിൽ നിന്നുള്ള 10 പേരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

അരൺപുരിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നക്സൽ വിരുദ്ധ ഓപ്പറേഷൻ നടത്താൻ പോയിരുന്ന സംഘം തിരികെ മടങ്ങുമ്പോഴാണ് സ്ഫോടനമുണ്ടായത്.