വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രണ്ടാം വട്ടവും മത്സരിക്കുമെന്ന് സ്ഥിരീകരിച്ച് ജോ ബൈഡൻ.
സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ബൈഡൻ തന്റെ തീരുമാനം വ്യക്തമാക്കിയത്. ജനാധിപത്യത്തിനും മൗലിക അവകാശങ്ങൾക്കും വേണ്ടി ശബ്ദമുയർത്തേണ്ട സമയമാണിതെന്നും അതിനാലാണ് താൻ രണ്ടാം വട്ടവും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്നും ബൈഡൻ അറിയിച്ചു.
വ്യക്തി സ്വാതന്ത്ര്യം വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണെന്നും മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായികൾ ഇതിനെതിരായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണത്തിലിരിക്കുന്ന പ്രസിഡന്റ് രണ്ടാം ടേം അഗ്രഹിക്കുന്നെങ്കിൽ പാർട്ടിക്കുള്ളിലെ പ്രൈമറി തെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതാണ് അമേരിക്കയിലെ പതിവ്. ഇതിനാൽ തന്നെ ഡെമോക്രാറ്റിക് പാർട്ടിയിൽ ബൈഡന്റെ സ്ഥാനമോഹത്തിന് തൽക്കാലം എതിരാളികൾ ഉണ്ടാവില്ല. റിപ്പബ്ലിക്കൻ നേതാവായ ട്രംപ് പ്രൈമറിയിൽ വിജയിച്ച് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥി ആയാൽ വീണ്ടുമൊരു ട്രംപ് - ബൈഡൻ പോരിന് കളമൊരുങ്ങും.
രണ്ടാമങ്കത്തിന് തയാറെന്ന് ബൈഡൻ
07:10 PM Apr 25, 2023 | Deepika.com