ജെമിനി ശങ്കരനു നാട് വിട നല്‍കി

01:16 PM Apr 25, 2023 | Deepika.com
കണ്ണൂര്‍:സര്‍ക്കസ് കുലപതി ജെമിനി ശങ്കരന് (99) നാട് വിടയേകി. ഇന്ന് രാവിലെ കണ്ണൂര്‍ വാരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം 11.30ഓടെ ഔദ്യോഗിക ബഹുമതികളോടെ പയ്യാമ്പലത്ത് സംസ്‌കരിച്ചു.

മന്ത്രിമാരായ കെ.രാധാകൃഷ്ണന്‍, എ.കെ.ശശീന്ദ്രന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍, ബിജെപി നേതാവ് സി.കെ.പത്മനാഭന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ദേവസ്യ മേച്ചേരി, ഡിസിസി പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജ് തുടങ്ങി നിരവധിപേര്‍ വാരത്തെ വസതിയിലെത്തി ആദരാഞ്ജലികളര്‍പ്പിച്ചു.

നൂറുകണക്കിനാളുകളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അദ്ദേഹത്തെ ഒരു നോക്കുകാണാന്‍ വാരത്തെ വസതിയിലെത്തിയത്. ജെമിനി ശങ്കരന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി വാരത്ത് ഇന്ന് ഉച്ചവരെ ഹര്‍ത്താല്‍ ആചരിച്ചു. മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം മുതല്‍ ചതുരകിണര്‍ വരെയാണ് ഹര്‍ത്താല്‍ ആചരിച്ചത്.

ഇന്ത്യന്‍ സര്‍ക്കസിനെ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹം. ജെമിനി, ജംബോ1, ജംബോ2 ഗ്രേറ്റ് റോയല്‍ സര്‍ക്കസുകളുടെ ഉടമയും റോയല്‍ സര്‍ക്കസിന്‍റെ പാര്‍ട്നറുമാണ്.

പ്രായാധിക്യത്തെ തുടര്‍ന്ന് സര്‍ക്കസ് കമ്പനികള്‍ മക്കളെ ഏല്‍പ്പിച്ച് വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി പ്രായാധിക്യ അവശതകളെ തുടര്‍ന്ന് കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.