കോട്ടയം: കോട്ടയത്ത് സ്വകാര്യ ബസില്‍ കുഴഞ്ഞുവീണ് അവശനിലയിലായ വയോധികനെ രക്ഷിച്ച് പോലീസ് ഉദ്യോഗസ്ഥര്‍. കളത്തിപ്പടിയിൽ ഇന്ന് രാവിലെ പത്തോടെയാണ് സംഭവം.
കുമളിയില്‍ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിലാണ് വയോധികന് കുഴഞ്ഞുവീണത്.
വാഴൂര്‍ സ്വദേശിയായ വയോധികന് കോട്ടയത്തേക്ക് പോകാന്‍ കൊടുങ്ങൂര്‍ നിന്നുമാണ് ബസില്‍ കയറിയത്. കളത്തിപ്പടിയില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹം കുഴഞ്ഞുവീണു.
ഈ സമയം ഒരു പ്രതിയുമായി കോട്ടയത്തേക്ക് വരികയായിരുന്ന ഷമീദ് സമദ്, അന്‍സു, മഹേഷ്, പ്രദീപ് എന്നീ നാല് പോലീസുദ്യോഗസ്ഥരും കൂടാതെ സൈബര്‍ സെല്ലിലെ ജോബിന് ജെയിംസ് എന്ന ഉദ്യോഗസ്ഥനും ബസിലുണ്ടായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ഉടൻതന്നെ വയോധികന് സിപിആര്‍ നല്കി. തുടര്‍ന്ന് ഇവരുടെ നിര്‍ദേശപ്രകാരം ബസ് കോട്ടയം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് ഹൃദയാഘാതത്തിന്റെ സൂചനയാണ് കാണിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കാക്കിക്കുള്ളിലെ കാരുണ്യം; ബസിനുള്ളിൽ കുഴഞ്ഞുവീണ വയോധികനെ രക്ഷിച്ച് പോലീസുകാർ
02:02 PM Apr 24, 2023 | Deepika.com