നവജാതശിശുവിനെ വിറ്റ സംഭവം; നടപടിയെടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍

01:54 PM Apr 22, 2023 | Deepika.com
തിരുവനന്തപുരം: നവജാതശിശുവിനെ പണത്തിന് വേണ്ടി വിറ്റത് ഗൗരവമുള്ള സംഭവമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി.മനോജ്കുമാര്‍. കുഞ്ഞിനെ വിറ്റവര്‍ക്കും വാങ്ങിയവര്‍ക്കുമെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു

ഇടനിലക്കാരുണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കും. ജുവനൈല്‍ ജസ്റ്റീസ് ആക്റ്റ് 81 പ്രകാരം കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

ഈ മാസം 7ന് തൈക്കാട് ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെയാണ് അമ്മ മൂന്നു ലക്ഷം രൂപയ്ക്ക് വിറ്റത്. കരമന സ്വദേശിയായ യുവതിക്കാണ് കുഞ്ഞിനെ കൈമാറിയത്.

സ്‌പെഷല്‍ ബ്രാഞ്ചിന് രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ വിറ്റവിവരം സ്ഥിരീകരിച്ചത്. ഉടന്‍ തന്നെ കുഞ്ഞിനെ വാങ്ങിയ ആളില്‍ നിന്നും പോലീസ് കുട്ടിയെ ഏറ്റെടുത്തു. കുഞ്ഞിനെ ശിശുക്ഷേമ സംരക്ഷണസമിതിക്ക് കൈമാറി.