ദേവികുളം തെരഞ്ഞെടുപ്പ്: എ.രാജയുടെ ഹര്‍ജി സുപ്രീംകോടതി മാറ്റി

02:18 PM Apr 21, 2023 | Deepika.com
ന്യൂഡൽഹി: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ എ.രാജ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഏപ്രിൽ 28ന് വിശദമായ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റീസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

താന്‍ ഹിന്ദുമത വിശ്വാസിയാണെന്ന് രാജ കോടതിയില്‍ പറഞ്ഞു. ഹിന്ദുമത ആചാരമനുസരിച്ചാണ് തന്‍റെ വിവാഹം ഉള്‍പ്പെടെ നടന്നത്. ഹൈക്കോടതി നടപടി ശരിയായ ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെയാണെന്നും രാജ കോടതിയെ അറിയിച്ചു.

പട്ടികജാതി സംവരണ വിഭാഗത്തില്‍പ്പെട്ട ദേവികുളം മണ്ഡലത്തില്‍, വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സിപിഎമ്മിലെ എ.രാജ മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാര്‍ഥി ഡി. കുമാറിന്‍റെ ഹര്‍ജി അംഗീകരിച്ചായിരുന്നു ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.

എന്നാല്‍ സംവരണത്തിന് എല്ലാ അര്‍ഹതയുമുള്ള വ്യക്തി തന്നെയാണ് താനെന്ന് ചൂണ്ടിക്കാട്ടി രാജ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.