കൊയിലാണ്ടിയിലെ 12കാരന്‍റെ മരണം വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച്; ബന്ധു കസ്റ്റഡിയില്‍

09:22 AM Apr 21, 2023 | Deepika.com
കോഴിക്കോട്: കൊയിലാണ്ടിയിലെ 12കാരന്‍റെ മരണം കൊലപാതമെന്ന് സംശയം. അരിക്കുളം കോറോത്ത് മുഹമ്മദ് അലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായി ആണ് മരിച്ചത്.

വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ചാണ് കുട്ടി മരിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍റെ സഹോദരി താഹിറയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടി മരിച്ചത്. കൊയിലാണ്ടിയില്‍നിന്നും ഐസ്‌ക്രീം വാങ്ങി കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഗുരുതരാവസ്ഥയിലായ കുട്ടിയെ പിന്നീട് മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റിയെങ്കിലും മരിച്ചു. ആദ്യം ഭക്ഷ്യവിഷബാധയാണെന്നാണ് പോലീസ് സംശയിച്ചത്. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയതാണെന്ന് വ്യക്തമായത്.

ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയത് കുട്ടിയെ ലക്ഷ്യംവച്ചായിരുന്നില്ലെന്നാണ് അറസ്റ്റിലായ താഹിറയുടെ മൊഴി. കുട്ടിയുടെ അമ്മയെ കൊലപ്പെടുത്തകായിരുന്നു ഉദ്ദേശ്യമെന്നാണ് സൂചന.