കോഴിക്കോട്: സംസ്ഥാനത്തുനിന്ന് ഇത്തവണ ഹജ് കര്‍മത്തിന് 10331 പേര് തെരഞ്ഞെടുക്കപ്പെട്ടതായി സംസ്ഥാന ഹജ് കമ്മിറ്റി ചെയര്മാന് സി.മുഹമ്മദ് ഫൈസിയും ഹജ് കമ്മിറ്റി അംഗം പി.ടി.എ. റഹിം എംഎല്‍എയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള സാങ്കേതിക പഠന ക്ലാസുകള്‍ 24ന് രാവിലെ പത്തിന് കോട്ടക്കല്‍ പി.എം ഓഡിറ്റോറിയത്തില്‍ മന്ത്രി വി. അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്യും. മേയ് രണ്ടിനുള്ളില്‍ പഠനക്ലാസുകള്‍ പൂര്‍ത്തിയാക്കും.
ജനറല്‍ വിഭാഗത്തില്‍ 6094 പേരെയാണു തെരഞ്ഞെടുത്തിട്ടുള്ളത്. സ്ത്രീകള്‍ ഒറ്റയ്ക്കുള്ള വിഭാഗത്തില്‍ 2807 പേര്‍ക്കും 70 വയസു വിഭാഗത്തില്‍ 1430 പേര്‍ക്കും നറുക്കെടുപ്പില്‍ അവസരം ലഭിച്ചിട്ടുണ്ട്. കൊച്ചി എംബാര്‍ക്കേഷന്‍ പോയിന്റില്‍നിന്ന് 2213 പേരും കണ്ണൂരില്‍നിന്ന് 1796 പേരും കോഴിക്കോട്ടുനിന്ന് 6322 പേരും ഹജ് കര്‍മത്തിനു പോകും.
മേയ് 20ന് ശേഷം മക്കയിലേക്കാണ് ഇത്തവണത്തെ യാത്ര. നേരത്തെ ഇത് മദീനയിലേക്കായിരുന്നു. ഇതിനുള്ള വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തുകഴിഞ്ഞുവെന്ന് അവര്‍ അറിയിച്ചു.
ഹജ് കര്‍മത്തിനു കേരളത്തിൽ നിന്ന് 10,331 പേര്
02:53 AM Apr 21, 2023 | Deepika.com