ന്യൂഡൽഹി: ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ജയം. സീസണിലെ ഡൽഹിയുടെ ആദ്യ ജയമാണിത്. സ്കോർ: കോൽക്കത്ത 127-10 (20), ഡൽഹി 128-3 (19.2).
മഴയെ തുടർന്നു വൈകി ആരംഭിച്ച കളിയിൽ ടോസ് നേടിയ ഡൽഹി കോൽക്കത്തയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കോൽക്കത്തയ്ക്കായി ഓപ്പണർ ജയ്സണ്‍ റോയി 39 പന്തിൽ 43 റണ്‍സെടുത്ത് ടോപ് സ്കോററായി. മൻദീപ് സിംഗ് 12 റണ്‍സും നേടി. ആവസാന ഓവറുകളിൽ കരുതലോടെ കളിച്ച ആന്ദ്രെ റസൽ (31 പന്തിൽ 38) ആണ് കോൽക്കത്തയെ നൂറ് കടത്തിയത്. മറ്റാർക്കും രണ്ടക്കം കാണാൻ കഴിഞ്ഞില്ല.
ഡൽഹിക്കായി ഇഷാന്ത് ശർമ, ആൻറിച്ച് നോർട്ട്ജെ, അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്കായി നായകൻ ഡേവിഡ് വാർണർ മികച്ച പ്രകടനം കാഴ്ചവച്ചു. 41 പന്തിൽ 11 ഫോറുകളുടെ അകന്പടിയോടെ വാർണർ 57 റണ്‍സെടുത്തു. പൃഥ്വി ഷാ 13 റണ്‍സും മനീഷ് പാണ്ഡെ 21 റണ്‍സും നേടി. പുറത്താകാതെ അക്സർ പട്ടേൽ 19 റണ്‍സും ലളിത് യാദവ് നാല് റണ്‍സുമെടുത്ത് ഡൽഹി വിജതീരത്ത് എത്തിച്ചു.
കോൽക്കത്തയ്ക്കായി നായകൻ നിതീഷ് റാണ, അനുകുൽ റോയി, വരുണ്‍ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഡൽഹിക്ക് ആദ്യ ജയം
12:25 AM Apr 21, 2023 | Deepika.com