എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ട്ട പി​എ​സ്‌​സി പ​രീ​ക്ഷാ ത​ട്ടി​പ്പ്; കു​റ്റ​പ​ത്രം കോ​ട​തി അം​ഗീ​ക​രി​ച്ചു

05:26 PM Apr 20, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ട്ട പി​എ​സ്‌​സി ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ത്തി​യ കേ​സി​ൽ അ​ന്വേ​ഷ​ണ സം​ഘം സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്രം കോ​ട​തി അം​ഗീ​ക​രി​ച്ചു. ആ​ദ്യം സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ലെ സാ​ങ്കേ​തി​ക പി​ഴ​വ​ക​ൾ പ​രി​ഹ​രി​ച്ച് ക്രൈം​ബ്രാ​ഞ്ച് സ​മ​ർ​പി​ച്ച കു​റ്റ​പ​ത്ര​മാ​ണ് കോ​ട​തി അം​ഗീ​ക​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. 2018 ജൂ​ലൈ​യി​ൽ ന​ട​ന്ന സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പ​രീ​ക്ഷ​യി​ൽ തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ എ​സ്എ​ഫ്ഐ നേ​താ​ക്ക​ളാ​യി​രു​ന്ന ശി​വ​ര​ഞ്ജി​ത്, ന​സീം, പ്ര​ണ​വ് എ​ന്നി​വ​ർ​ക്ക് ഒ​ന്നും ര​ണ്ടും 28ഉം ​റാ​ങ്ക് ല​ഭി​ച്ചി​രു​ന്നു.

ഇ​വ​ര്‍ റാ​ങ്കു നേ​ടി​യ​ത് ക്ര​മ​ക്കേ​ടി​ലൂ​ടെ​യാ​ണെ​ന്ന് ആ​രോ​പ​ണ​മു​യ​ര്‍​ന്ന​തോ​ടെ അ​ന്വേ​ഷ​ണ​ത്തി​നു വി​ടു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തും ആ​റ്റി​ങ്ങ​ലു​മാ​യു​ള്ള മൂ​ന്നു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​വ​രെ​ഴു​തി​യ പ​രീ​ക്ഷ​യി​ല്‍ ഇ​വ​ര്‍​ക്ക് സ​ഹാ​യം ല​ഭി​ച്ച​താ​യി അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി.

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ പ​രീ​ക്ഷാ​ഹാ​ളി​ല്‍​നി​ന്ന് ശി​വ​ര​ഞ്ജി​ത്തും മ​റ്റും ചോ​ദ്യ​പ്പേ​പ്പ​ര്‍ ഫോ​ട്ടോ​യെ​ടു​ത്ത് പോ​ലീ​സു​കാ​ര​നാ​യ ഗോ​കു​ലി​ന് അ​യ​ച്ചു​ന​ല്‍​കി. ഗോ​കു​ലും സു​ഹൃ​ത്തു​ക്ക​ളാ​യ സ​ഫീ​റും പ്ര​വീ​ണും ചേ​ര്‍​ന്ന് ഇ​വ​യു​ടെ ഉ​ത്ത​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി സ​ന്ദേ​ശ​ങ്ങ​ളാ​യി തി​രി​ച്ച​യ​ച്ചു.

പ​രീ​ക്ഷാ ഹാ​ളി​ലു​ണ്ടാ​യി​രു​ന്ന പ്ര​തി​ക​ള്‍ ധ​രി​ച്ചി​രു​ന്ന സ്മാ​ര്‍​ട്ട് വാ​ച്ച് ഉ​പ​യോ​ഗി​ച്ച് ഈ ​ഉ​ത്ത​ര​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു.