എഐ കാമറകൾ മിഴി തുറന്നു..! ഒരു മാസത്തേക്ക് പിഴയില്ല, ബോധവത്കരണം

05:06 PM Apr 20, 2023 | Deepika.com
തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ചിരിക്കുന്ന എഐ കാമറകൾ സംസ്ഥാനത്തൊട്ടാകെ മിഴി തുറന്നു. 726 അത്യാധുനിക നിരീക്ഷണ കാമറകളുടെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. ഗതാഗതമന്ത്രി ആന്‍റണി രാജു അധ്യക്ഷത വഹിച്ചു.

റോഡപകടം മൂലമുള്ള മരണങ്ങള്‍ സംസ്ഥാനം നേരിടുന്ന ദുരന്തമായി കണ്ട് അതിനെ ചെറുക്കാന്‍ കൂട്ടായ പ്രവര്‍ത്തനം നടത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പദ്ധതിയിൽ ആദ്യത്തെ ഒരു മാസം നിയമലംഘനത്തിന് ബോധവത്കരണം മാത്രമായിരിക്കും ഉണ്ടാകുക, പിഴ ഈടാക്കില്ല.

നിയമ ലംഘനം നടത്തുന്നവർക്ക് ഫോൺ സന്ദേശം വരും. വേണ്ടത്ര ബോധവത്കണം ഉണ്ടായില്ലെന്ന പരാതിയെ തുടർന്നാണ് ഒരു മാസം ബോധവത്കരണത്തിനായി മാറ്റിവെക്കുന്നതെന്നും എഐ കാമറകൾ നിലവിലുളള സ്ഥലത്ത് നിന്നും മറ്റിടങ്ങളിലും മാറ്റി സ്ഥാപിക്കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.