കോട്ടയം: പത്തനംതിട്ട കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച കുഞ്ഞ് ജീവിതത്തിലേക്ക് പിച്ചവച്ചുതുടങ്ങി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില ചികിത്സയ്ക്കു ശേഷം കുഞ്ഞിനെ വിട്ടയച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ആശുപത്രി അധികൃതർ വനിത ശിശുവികസന വകുപ്പിന് കൈമാറിയ കുഞ്ഞിനെ, ശിശുക്ഷേമ സമിതി സംരക്ഷിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
കുഞ്ഞിന്റെ പരിചരണത്തിനായി കെയർ ഗിവറുടെ സേവനം നേരത്തെ ലഭ്യമാക്കിയിരുന്നു. കുട്ടികളുടെ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. ജയപ്രകാശിന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘം രൂപീകരിച്ചാണ് വിദഗ്ധ ചികിത്സ നൽകിയത്. കുഞ്ഞിനെ ജീവിതത്തിലേത്ത് കൈപിടിച്ചുയർത്തിയ കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിലെ മുഴുവൻ ടീമിനും മന്ത്രി അഭിനന്ദനമറിയിച്ചു.
പ്രസവിച്ച ഉടനെ അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച കുഞ്ഞിനെ പോലീസാണ് ആശുപത്രിയിൽ എത്തിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുമ്പോൾ 1.3 കിലോ ആയിരുന്നു കുട്ടിയുടെ തൂക്കം. ഇപ്പോൾ 1.43 കിലോയുണ്ട്. രണ്ടാഴ്ചയ്ക്ക് ശേഷം തുടർ ചികിത്സയ്ക്ക് കുഞ്ഞിനെ വീണ്ടും ആശുപത്രിയിൽ എത്തിക്കും.
അവൻ ജീവിതത്തിലേക്ക് പിച്ചവച്ചു; അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച കുഞ്ഞ് ആശുപത്രിവിട്ടു
09:40 PM Apr 19, 2023 | Deepika.com