സമയം മെച്ചപ്പെടുത്തി പരീക്ഷണ ഓട്ടം; വന്ദേഭാരത് കാസർഗോട്ട് എത്തി

04:31 PM Apr 19, 2023 | Deepika.com
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍റെ രണ്ടാംഘട്ട പരീക്ഷണ ഓട്ടം വിജയകരം. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുലര്‍ച്ചെ 5.20ന് പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 1.10ന് കാസർഗോഡ് എത്തി. ഏഴ് മണിക്കൂർ 50 മിനിറ്റാണ് കാസർഗോഡ് എത്താൻ വന്ദേഭാരതിന് വേണ്ടിവന്നത്.

തിങ്കളാഴ്ചത്തെ പരീക്ഷണയാത്രയില്‍ തിരുവനന്തപുരത്തുനിന്ന് ഏഴ് മണിക്കൂര്‍ 10 മിനിറ്റുകൊണ്ടാണ് കണ്ണൂരിലെത്തിയത്. കഴിഞ്ഞ ദിവസത്തേക്കാൾ 17 മിനിറ്റ് നേരത്തെയായിരുന്നു ഇത്തവണ കണ്ണൂരിലെത്തിയത്. കാസർഗോഡ് നിന്ന് തിരിച്ചും ഇന്ന് വന്ദേഭാരത് പരീക്ഷണയോട്ടം നടത്തും. ട്രെയിനിന്‍റെ വേഗതയും സുരക്ഷയും കൂടുതൽ ഉറപ്പാക്കാനാണ് വീണ്ടും പരീക്ഷണ ഓട്ടം നടത്തുന്നത്.

വന്ദേഭാരത് ട്രെയിൻ കാസർഗോഡ് വരെ നീട്ടിയെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്. ട്രെയിനിന്‍റെ വേഗം കൂട്ടാൻ രണ്ടു ഘട്ടങ്ങളായി ട്രാക്കുകൾ പരിഷ്കരിക്കുമെന്നും മണിക്കൂറിൽ 70 മുതൽ 110 കിലോമീറ്റർ വരെ വിവിധ മേഖലകളിൽ വേഗത വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

രണ്ടു ഘട്ടങ്ങളിലായാണ് ട്രാക്കുകളുടെ നവീകരണം നടക്കുക. ആദ്യഘട്ടത്തിനായി 381 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വന്ദേഭാരത് ട്രെയിന്‍റെ യാത്രാനിരക്ക് അന്തിമമായി തീരുമാനിച്ചതല്ല, ഇതിൽ മാറ്റം വന്നേക്കാം. ശബരി റെയിൽ പാതയുടെ പഠനം നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.