എന്തൊരു ചൂടാടാ ഉവ്വേ ഇത്...!

04:31 PM Apr 19, 2023 | Deepika.com
പുകച്ച് പുറത്ത് ചാടിക്കുക എന്ന പ്രയോഗം ആപ്തവാക്യം പോലെ ഏറ്റെടുത്ത് വെയിൽ കാഠിന്യം കൂട്ടി മുന്നേറുകയാണ്. അകത്തിരിക്കുന്പോൾ പുകച്ച് പുറത്ത് ചാടിക്കാനും പുറത്തിറങ്ങിയാൽ ചുട്ട് പൊള്ളിച്ച് നിലംപരിശാക്കാനും വിദഗ്ധനാണെന്ന് വെയിൽ വീണ്ടും തെളിയിച്ചു.

ദിവസേന വിയർത്തൊലിച്ച വസ്ത്രങ്ങളുടെ എണ്ണം കൂടുന്നു... അലക്കാനും കുളിക്കാനുമുള്ള വെള്ളത്തിന്‍റെ അളവ് കുറയുന്നു... വെള്ളം കുടിച്ച് കുടിച്ച് സൂര്യതാപത്തെ ചെറുക്കാൻ പലരും പല മാർഗങ്ങളും സ്വീകരിക്കുന്നുണ്ടെങ്കിലും ഒന്നും അങ്ങോട്ട് ഏശുന്നില്ല.

അകവും പുറവും വേവുകയാണ്. അതുകണ്ട് ആനന്ദപുളകിതനായി വെയിൽ വീണ്ടും തന്‍റെ പവർ കാട്ടുന്പോൾ പാവം ജനങ്ങൾ വെയിലേ ഒന്ന് പോയിത്തരുമോയെന്ന് ഉള്ള് തുറന്ന് പ്രാർഥിക്കാൻ തുടങ്ങിയിട്ടുണ്ട്. ശരിക്കും ഈ വെയിൽ ആരോടുള്ള കലിപ്പാണ് ഇപ്പോൾ ഇവിടെ തീർത്തോണ്ടിരിക്കുന്നത്.

വൈദ്യുത ബിൽ കുതിക്കുന്നു

ചൂടിനെ തോൽപ്പിക്കാൻ സീലിംഗ് ഫാനും ടേബിൾ ഫാനും പിന്നെ കൂളറും എസിയും എല്ലാം ഇപ്പോൾ മുഴുവൻ സമയ പ്രവർത്തനത്തിലാണ്. വീടുകളിൽ ഒരു മുറിയിൽ ഒരു ഫാനായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അതിന്‍റെ എണ്ണം കൂടിയിട്ടുണ്ട്. ഓഫീസുകളിൽ എസി വേണ്ടായെന്ന് പറഞ്ഞ് നടന്നിരുന്നവർ പോലും അതിന്‍റെ ചുവട്ടിൽ നിന്ന് മാറാത്ത അവസ്ഥ.

ചൂട് ഇത്രയൊക്കെ ചലനങ്ങൾ ഉണ്ടാക്കി മുന്നേറുന്പോൾ ചിരിക്കുന്നതാകട്ടെ രണ്ടുമാസത്തിലൊരിക്കൽ എത്തുന്ന വൈദ്യുത ബില്ലാണ്. വൻ കുതിച്ച് ചാട്ടമാണ് വീടുകളിലും ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലുമായി വൈദ്യുത ബിൽ നടത്തിയിരിക്കുന്നത്. വെയിലേറ്റ് വാടി ഇത്തിരി തണുപ്പത്തിരിക്കാമെന്നുവെച്ചാൽ അവിടുന്നും കിട്ടും പണിയെന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്.

ഓടിട്ട വീട്

വീടുകൾ ഓലപ്പുരയിൽ നിന്നും തടിയിലേക്കും പതിയെ ഓടിലേക്കും പിന്നെ ഷീറ്റിലേക്കും ഒടുവിൽ കോൺക്രീറ്റിലേക്കും എത്തി നിൽക്കുകയാണ്. ചൂടേറ്റ് ഷീറ്റിട്ട വീടുകളിലും കോൺക്രീറ്റ് വീടുകളിലും നിന്നും ഉയരുന്ന നിലവിളികൾ ഉച്ചസ്ഥായിയിലാണിപ്പോൾ. അവർ അങ്ങിങ്ങായി കാണുന്ന ഓടിട്ട വീടിനുള്ളിലെ നേർത്ത തണുപ്പിനെ കുറിച്ചോർത്ത് അസൂയപ്പെടുന്നുണ്ടാകണം.

ആദ്യം ഓടും പിന്നെ ഷീറ്റും അതിന് ശേഷം കോൺക്രീറ്റിലേക്കും പ്രവേശിച്ച വീടുകളാകട്ടെ തങ്ങളുടെ പഴയ ഓടിട്ട വീട്ടിലെ വാസത്തെ കുറിച്ചുള്ള ഓർമകൾ അയവിറക്കുന്നുണ്ടാവും. എന്തായാലും വെയിൽ പല ഓർമകളേയും തട്ടിയുണർത്തിയാണ് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്.

വിയർത്തൊലിക്കുന്ന രാത്രി

രാത്രികാലത്തിപ്പോൾ പലരും വിയർത്ത് കുളിച്ചാണ് ഉറങ്ങുന്നത്. പലവിധത്തിലുള്ള ജോലികൾ കഴിഞ്ഞ് രാത്രി സമാധാനത്തോടെ ഉറങ്ങാമെന്ന് കരുതി കിടന്നിട്ട് ഒടുവിൽ വിയർത്തൊലിച്ച് എണീക്കുന്നത് പതിവായിട്ടുണ്ട്.

ഈ ഒരൊറ്റ കാരണത്താൽ പല വീടുകളിലും എസി സ്ഥാനം പിടിച്ചിട്ടുമുണ്ട്. ടേബിൾ ഫാനിൽ നിന്നും സീലിംഗ് ഫാനിലേക്ക് പോയവർ വീണ്ടും ടേബിൾ ഫാൻ കാലത്തിലേക്ക് തിരികെ പോകുന്നത് കാണാനും ഈ കനത്ത ചൂട് കാലം സാക്ഷിയായി. ഇപ്പോൾ എല്ലാവർക്കും പറയാനുള്ള പ്രധാന ചർച്ചാവിഷയമായി വെയിൽച്ചൂട് മാറിയിട്ടുണ്ട്. കാത്തിരിക്കുകയാണ് എല്ലാവരും സൂര്യന്‍റെ കാഠിന്യം ഒന്ന് കുറഞ്ഞ് കിട്ടാനായി.