ജനസംഖ്യാ വിസ്ഫോടനം..! ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎൻ

03:13 PM Apr 19, 2023 | Deepika.com
ജനീവ: ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളിൽ ഇന്ത്യ ഉടൻ ഒന്നാമതെത്തുമെന്ന് യുഎൻ റിപ്പോർട്ട്. ഈ വർഷം മധ്യത്തോടെ ഇന്ത്യയിലെ ജനസംഖ്യ 142.86 കോടിയാകുമെന്നും 142.57 കോടി ജനസംഖ്യയുള്ള ചൈന ഇന്ത്യക്ക് തൊട്ടുപിന്നിലാകുമെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

യുഎന്നിന്‍റെ സ്റ്റേറ്റ് ഓഫ് പോപ്പുലേഷൻ (എസ്ഡബ്ല്യുപി) റിപ്പോർട്ടിന്‍റെ പുതിയ പതിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയിലെ ജനസംഖ്യയിൽ 1.56 ശതമാനം വർധന‍യാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022ല്‍ ഇന്ത്യയിലെ ജനസംഖ്യ 140.66 കോടി ആയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ ജനസംഖ്യയുടെ മൂന്നില്‍ രണ്ടും 15നും64നും ഇടയിലുള്ളവരാണ്. ഇന്ത്യന്‍ പുരുഷന്‍റെ ശരാശരി ആയുര്‍ദൈര്‍ഘ്യം 71 ഉം സ്ത്രീയുടേത് 74 ആണെന്നും യുഎൻ കണക്കുകളിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്കും ചൈനയ്ക്കും പിന്നിൽ അമേരിക്കയാണ് ജനസംഖ്യയിൽ മൂന്നാംസ്ഥാനത്തുള്ളത്.