ന്യൂഡല്‍ഹി: സ്വവര്‍ഗവിവാഹത്തിന്റെ നിയമസാധുത തേടിയുള്ള ഹര്‍ജിയില്‍ സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രസര്‍ക്കാര്‍. പത്ത് ദിവസങ്ങള്‍ക്കകം നിലപാടറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.
വിവാഹം സംസ്ഥാനത്തിന്റെ കൂടെ അധികാരപരിധിയില്‍ വരുന്ന വിഷയമായതിനാല്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാംഗ്മൂലം സമര്‍പ്പിച്ചു.
സ്വവര്‍ഗവിവാഹം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് നിയമനിര്‍മാണസഭകളാണെന്ന് കാട്ടി ചൊവ്വാഴ്ച കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാംഗ്മൂലം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ കോടതികള്‍ തീരുമാനമെടുക്കരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര സര്‍ക്കാര്‍, വിവിധ മതസാമൂഹിക സംഘടനകള്‍, വ്യക്തികള്‍ എന്നിവരുടെ ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. നിലനില്‍ക്കുന്ന നിയമം മൂലം വിവാഹങ്ങള്‍ നടത്താനോ രജിസ്റ്റര്‍ ചെയ്യാനോ കഴിയാത്ത നിരവധി സ്വവര്‍ഗ ദമ്പതികളും ഹര്‍ജിക്കാരില്‍ ഉള്‍പ്പെടുന്നു.
സ്പെഷല്‍ മാര്യേജ് ആക്റ്റില്‍ മാറ്റം വരുത്തി സ്വവര്‍ഗവിവാഹത്തിന് നിയമസാധുത നല്കാന് കഴിയുമോ എന്ന കാര്യം പരിശോധിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്.
സ്വവര്‍ഗവിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജി; കേന്ദ്രം സംസ്ഥാനങ്ങളുടെ നിലപാട് തേടി
02:11 PM Apr 19, 2023 | Deepika.com