"അപ്പം വിൽക്കാൻ നല്ലത് വന്ദേഭാരത്'; സിപിഎമ്മിനെ കവിതയിലൂടെ ആക്ഷേപിച്ച് പന്ന്യന്‍റെ മകൻ

04:20 PM Apr 17, 2023 | Deepika.com
കണ്ണൂർ: കെ- റെയില്‍ വരാന്‍ വേണ്ടി വന്ദേഭാരതിനെ എതിര്‍ക്കുന്ന സിപിഎമ്മിന് കവിതയുടെ ഭാഷയില്‍ രാഷ്ട്രീയ മറുപടി നല്‍കി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍റെ മകന്‍ രൂപേഷ് പന്ന്യൻ. കെ റെയില്‍ കാരറ്റ് പോലെ കേരളത്തെ വെട്ടിമുറിക്കുമ്പോള്‍ ഒരു പ്രശ്നവും സൃഷ്ടിക്കാതെ ചീറിപ്പായുന്ന വന്ദേഭാരതിനെ നോക്കി വരട്ടെ ഭാരത് എന്ന് പറയാത്തവര്‍ മലയാളികളല്ല എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ച കവിതയിൽ രൂപേഷ് പറയുന്നത്.

വന്ദേഭാരതിനോടുള്ള എതിര്‍പ്പ് സിപിഎം തുടരുമ്പോഴാണ് ഇവരൊന്നും മലയാളികളല്ല എന്ന് മുതിര്‍ന്ന സിപിഐ നേതാവിന്‍റെ മകന്‍ കവിതയിലൂടെ ആക്ഷേപിക്കുന്നത്. കെ റെയിലിനെ സിപിഐ എതിര്‍ക്കുമ്പോള്‍ ആ നിലപാടിനൊപ്പംനിന്നു സിപിഎമ്മിനെ വിമര്‍ശിക്കുകയാണ് കവിതയിലൂടെ. വന്ദേ ഭാരത്.. വരട്ടെ ഭാരത് എന്നാണ് കവിതയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും കവിതയിൽ പരാമർശിക്കുന്നുണ്ട്. അപ്പം വില്‍ക്കണമെങ്കില്‍ വന്ദേഭാരത് പോരാ കെ റെയില്‍തന്നെ വേണമെന്നും വന്ദേഭാരതില്‍ അപ്പം ചീഞ്ഞുപോകുമെന്നും പറയുന്ന ഗോവിന്ദനോട് അപ്പം വില്‍ക്കാന്‍ നല്ലത് വന്ദേഭാരത് തന്നെയാണ് എന്നാണ് രൂപേഷ് പറയുന്നത്.

വന്ദേഭാരതിന് മോദി കൊടി വീശിയാലും ഇടതുപക്ഷം വെടിയുതിര്‍ത്താലും വലതുപക്ഷം വാ തോരാതെ സംസാരിച്ചാലും മോടിയുള്ള വണ്ടിയില്‍ ടിക്കറ്റ് എടുക്കുന്നവരുടെ മനസില്‍ എത്തേണ്ട സ്ഥലമല്ലാതെ മറ്റൊന്നുമുണ്ടാകില്ല. കെ റെയില്‍ കേരളത്തെ കാരറ്റ് പോലെ വെട്ടിമുറിക്കുമ്പോള്‍ വെട്ടാതെ തട്ടാതെ തൊട്ടു നോവിക്കാതെ ചീറിയോടി വരുന്ന വന്ദേ ഭാരതിനെ നോക്കി വരേണ്ട ഭാരത് എന്നു പാടാതെ വരട്ടെ ഭാരത് എന്നു പാടിയാലെ ആ പാട്ടിന്‍റെ ഈണം യേശുദാസിന്‍റെ ശ്രുതിമധുരമാകുകയുള്ളൂ.

പാളം തെറ്റാതെ വന്ദേഭാരത് കുതിച്ചോടുമ്പോള്‍ കിതച്ചുകൊണ്ടോടി ആ കുതിപ്പിന്‍റെ ചങ്ങല വലിച്ചാല്‍ കുടുങ്ങാന്‍ പോവുക മോദിയല്ല വലിക്കുന്നവര്‍ തന്നെയാകുമെന്ന് സിപിഎമ്മിന് രൂപേഷ് മുന്നറിയിപ്പ് നല്‍കുന്നു. വന്ദേഭാരത് വൈകിയാണ് കേരളത്തില്‍ എത്തിയത്. അപ്പോള്‍ ആ പരിഭവത്തോടെ വാരിയെടുത്ത് വീട്ടുകാരനാക്കുമ്പോഴേ വീട്ടിലൊരു "ഉസൈൻ ബോൾട്ട് ' കൂടിയുണ്ടെന്ന് ആശ്വസിക്കാനാവൂ ......വന്ദേ ഭാരത്... എന്ന് പറഞ്ഞാണ് രൂപേഷ് കവിത അവസാനിപ്പിക്കുന്നത്.