ന്യൂഡല്‍ഹി: അരിക്കൊമ്പന് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയില്‍ തിരിച്ചടി. ഹൈക്കോടതി ഉത്തരവിനെതിരെ കേരളം നല്കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.
വിദഗ്ധസമിതിയുടെ ശിപാര്‍ശപ്രകാരമാണ് ആനയെ പറമ്പിക്കുളത്തേയ്ക്ക് മാറ്റാന്‍ ഹൈക്കോടതി തീരുമാനിച്ചത്. അതുകൊണ്ട് സംസ്ഥാനത്തിന്റെ ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വിദഗ്ധസമിതിയുടെ തീരുമാനം യുക്തിസഹമാണെന്നും കോടതി പറഞ്ഞു.
പറമ്പിക്കുളത്തേക്ക് ആനയെ മാറ്റുന്നത് പ്രയോഗികമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇടുക്കിയില്‍ നിന്ന് ആനയെ പറമ്പിക്കുളത്തേയ്ക്ക് മാറ്റാനുള്ള ശിപാര്‍ശ നല്‍കിയതാരാണെന്ന് കോടതി ആരാഞ്ഞു. കേരളത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് സമിതിയിലുള്ളതെന്ന് അഭിഭാഷകന് കോടതിയെ അറിയിച്ചു.
സര്‍ക്കാരിന്റെ പാനല്‍ തന്നെയല്ലേ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് ചോദിച്ചുകൊണ്ട് കോടതി ഹര്‍ജി തള്ളുകയായിരുന്നു. വിദഗ്ധസമിതിയിലുള്ളവരുടെ പേരുകള്‍ വായിച്ചതിനുശേഷമാണ് കോടതി തീരുമാനം അറിയിച്ചത്.
അരിക്കൊമ്പന് വിഷയം: സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി
01:53 PM Apr 17, 2023 | Deepika.com