പുൽവാമ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം മോദി സർക്കാരിന്: മുൻ സൈനിക മേധാവി

01:53 PM Apr 17, 2023 | Deepika.com
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്‍റെ പ്രാഥമിക ഉത്തരവാദിത്വം നരേന്ദ്ര മോദി സർക്കാരിനാണെന്ന വിമർശനവുമായി മുൻ കരസേന മേധാവി ജനറൽ ശങ്കർ റോയ് ചൗധരി. ഇന്‍റലിജൻസ് പരാജയത്തെ തുടർന്നാണ് ധീര ജവാന്മാരെ രാജ്യത്തിന് നഷ്ടപ്പെട്ടതെന്നും ശങ്കർ റോയ് ചൗധരി പറഞ്ഞു.

ജമ്മു കാഷ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് ജനറൽ ചൗധരിയുടെ പ്രതികരണം. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്‍റെ ഉപദേശം സ്വീകരിക്കുന്ന പ്രധാനമന്ത്രിക്ക് ഇതിന്‍റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. ഇത് വലിയൊരു തിരിച്ചടിയായിരുന്നെന്നും ജനറൽ ചൗധരി പറഞ്ഞു.

സൈനിക വാഹനങ്ങൾ പാക് അതിർത്തിയോട് ചേർന്നുള്ള ദേശീയപാതയിൽ യാത്ര ചെയ്യാൻ പാടില്ലായിരുന്നു. സിആർപിഎഫ് ജവാന്മാർ വ്യോമമാർഗമാണ് യാത്ര ചെയ്തിരുന്നെങ്കിൽ സംഭവം ഒഴിവാക്കാമായിരുന്നുവെന്നും ചൗധരി കൂട്ടിച്ചേർത്തു. 1990കളുടെ മധ്യത്തിൽ സൈനിക മേധാവിയായിരുന്നു ചൗധരി.