ബിജെപി കേന്ദ്രങ്ങളിൽ ഞെട്ടൽ; മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ കോണ്‍ഗ്രസിൽ ചേർന്നു

01:54 PM Apr 17, 2023 | Deepika.com
ബംഗളൂരു: കർണാടക ബിജെപി മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ കോണ്‍ഗ്രസിൽ ചേർന്നു. തിങ്കളാഴ്ച രാവിലെ പിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഷെട്ടാറിനെ സ്വീകരിക്കുകയും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കോൺഗ്രസ് പതാക കൈമാറുകയും ചെ‍‍യ്തു.

ഞായറാഴ്ച രാത്രി ഷെട്ടാർ മുതിർന്ന കോൺഗ്രസ് നേതാക്കളായ രൺദീപ് സൂർജേവാല, ഡി.കെ. ശിവകുമാർ, സിദ്ധരാമയ്യ തുടങ്ങിയവരുമായി ചർച്ച നടത്തിയിരുന്നു. രാഹുൽ ഗാന്ധിയുമായി ഷെട്ടാർ ഫോണിലും ചർച്ച നടത്തി. സിറ്റിംഗ് മണ്ഡലമായ ഹുബ്ബള്ളി ധാർവാഡ് മണ്ഡലത്തിൽനിന്നും അദ്ദേഹം കോണ്‍ഗ്രസ് സീറ്റിൽ മത്സരിക്കും.

സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ഷെട്ടാർ ബിജെപി വിട്ടത്. ശനിയാഴ്ച രാത്രി കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷിയും ധർമേന്ദ്ര പ്രധാനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും ഷെട്ടാറിന്‍റെ വീട്ടിലെത്തി നടത്തിയ അനുനയശ്രമങ്ങളും ഫലം കണ്ടില്ല.

മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡിക്കു പിന്നാലെയാണ് ഷെട്ടാറും ബിജെപി വിട്ടത്, നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയായി. 2012 ജൂലൈ മുതൽ 2013 മേയ് വരെയായിരുന്നു ഷെട്ടാർ കർണാടക മുഖ്യമന്ത്രിയായിരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷനായും പ്രതിപക്ഷനേതാവായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ബിജെപിയിലെ യഥാർഥ അംഗങ്ങളെ പാർട്ടിയിൽനിന്നു പുറത്താക്കുകയാണെന്നു ഷെട്ടാർ കുറ്റപ്പെടുത്തി.