ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ സിബിഐ ചോദ്യം ചെയ്യാനിരിക്കെ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. നരേന്ദ്ര മോദിയുടെ അഴിമതിയും ഭരണപരാജയവും മൂടിവയ്ക്കാനാണ് തന്നെ കുടുക്കുന്നതെന്ന് കേജരിവാള്‍ പറഞ്ഞു.
കേസിലെ സാക്ഷികളെയും പ്രതികളെയും മര്‍ദ്ദിച്ചും പീഡിപ്പിച്ചും തനിക്കെതിരെ മൊഴി കിട്ടാന്‍ നോക്കുകയാണ്. കൈക്കൂലി വാങ്ങിയതിന്റെ ഒരു തെളിവു പോലും കിട്ടിയിട്ടില്ല. അറസ്റ്റ് ചെയ്യാനുളള ബിജെപി നിര്‍ദ്ദേശം കേന്ദ്ര ഏജന്‍സികള്‍ നടപ്പാക്കുകയാണെന്നും കേജരിവാള്‍ ആരോപിച്ചു.
യുക്തിക്ക് നിരക്കാത്ത ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കുന്നത്. തെളിവുകളെന്ന് പറഞ്ഞ് കോടതിയില്‍ നല്‍കിയത് തെറ്റായ രേഖകളാണ്. 75 വര്‍ഷത്തിനിടെ ആം ആദ്മിയെ പോലെ മറ്റൊരു പാര്‍ട്ടിയെയും വേട്ടയാടിയിട്ടില്ല. ഡല്‍ഹി അസംബ്ലിയില്‍ അഴിമതിക്കെതിരെ സംസാരിച്ചപ്പോള്‍ താനാണ് അടുത്ത ലക്ഷ്യമെന്ന് ഉറപ്പായിരുന്നിവെന്നും കേജരിവാള്‍ പ്രതികരിച്ചു.
മദ്യനയക്കേസില്‍ താന്‍ അഴിമതിക്കാരനെങ്കില്‍ ഈ രാജ്യത്ത് സത്യസന്ധരായി ആരുമില്ലെന്നും കേജരിവാള്‍ കൂട്ടിചേര്‍ത്തു. കേസില്‍ ഞായറാഴ്ച 11നാണ് കേജരിവാള്‍ സിബിക്ക് മുന്നില്‍ ഹാജരാകാനിരിക്കുന്നത്.
""സാക്ഷികളെ മര്‍ദിച്ച് തനിക്കെതിരെ മൊഴിയുണ്ടാക്കുന്നു''; കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയമായി വേട്ടയാടുന്നെന്ന് കേജരിവാള്‍
04:09 PM Apr 15, 2023 | Deepika.com