തുടർ ഭരണത്തിനായി 40 സൈനികരെ ബലി കൊടുത്തതോ..? മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ്

02:33 PM Apr 15, 2023 | Deepika.com
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ സുരക്ഷാ വീഴ്ചയാണെന്ന ജമ്മു കാഷ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്‍റെ വെളിപ്പെടുത്തൽ ബിജെപിക്കെതിരേ രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതൃത്വം രംഗത്തുവന്നു.

തുടർഭരണത്തിനു വേണ്ടി പുൽവാമയിലെ 40 സൈനികരെ ബലി കൊടുത്തതോ? സത്യപാൽ മാലിക്കിന്‍റെ വാക്കുകൾ മോദി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുകയാണ്, കൃത്യമായ പ്ലാനിംഗോടുകൂടി നടത്തിയതാണോ ഈ "വീഴ്ച'?' എന്നീ ചോദ്യങ്ങളോടെയാണ് കോൺഗ്രസ് മാലിക്കിന്‍റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

കൊല്ലപ്പെട്ട ജവാന്മാരുടെ ചിത്രങ്ങൾ സഹിതമാണ് കോൺഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. മോദിയുടെ കപട ദേശീയതയുടെ മുഖമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സത്യം ഒരിക്കലും മറയ്ക്കാൻ സാധിക്കില്ലെന്നും പ്രധാനമന്ത്രി ഈ വിഷയത്തിൽ ജനങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

സുരക്ഷിത യാത്രയ്ക്കായി അഞ്ച് വിമാനങ്ങളാണ് അന്ന് സൈനികർ ആവശ്യപ്പെട്ടത്. മോദി സർക്കാർ അത് നിരസിച്ചതോടെ ബസിൽ യാത്ര ചെയ്യാൻ സൈനികർ നിർബന്ധിതരായി. വഴിയിൽ ഭീകരാക്രമണം ഉണ്ടായി, നമ്മുടെ 40 സൈനികർ വീരമൃത്യു വരിച്ചു. സത്യപാൽ മാലിക് പ്രധാനമന്ത്രി മോദിയോട് ഇത് നമ്മുടെ തെറ്റ് കൊണ്ടാണ് സംഭവിച്ചതെന്ന് പറഞ്ഞു. പ്രധാനമന്ത്രി മോദി എന്താണ് പറഞ്ഞതെന്ന് അറിയാമോ? നിങ്ങൾ മിണ്ടാതിരിക്കൂയെന്ന്.''- കോൺഗ്രസ് ട്വിറ്ററിൽ കുറിച്ചു.