ബിജെപി ഭീഷണി കണ്ട് കോൺഗ്രസ്; കെ. സുധാകരൻ ക്രൈസ്തവ സഭാ അധ്യക്ഷന്മാരെ കാണും

04:09 PM Apr 15, 2023 | Deepika.com
കണ്ണൂർ: കേരളത്തിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനമുറപ്പിക്കാനുള്ള ബിജെപിയുടെ ആസൂത്രിത നീക്കങ്ങളുടെ അപകടം മണത്തു കോണ്‍ഗ്രസ്. ബിജെപി ഉയർത്തുന്ന ഭീഷണി മറികടക്കുന്നതിനുള്ള നടപടികൾക്കും പാർട്ടി നേതൃത്വം രൂപം നൽകി. ഇതിന്‍റെ ഭാഗമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ക്രൈസ്തവ സഭാ അധ്യക്ഷന്മാരെ കാണും.

ഇന്ന് വൈകീട്ട് കെ. സുധാകരൻ തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തും. അടുത്തയാഴ്ച സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായും കെ. സുധാകരൻ കൂടിക്കാഴ്ച നടത്തും.

അനിൽ ആന്‍റണിയുടെ ബിജെപി പ്രവേശവും ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ച് തിരികത്തിച്ചു പ്രാർഥിച്ചതും ഈസ്റ്റർദിനത്തിൽ കേരളത്തിലെ പ്രമുഖ നേതാക്കൾ ബിഷപ്സ്ഹൗസുകളും ക്രൈസ്തവഭവനങ്ങളും സന്ദർശിച്ചതുമെല്ലാം ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കിടയിലേക്കു കടന്നുചെല്ലാനുള്ള ബിജെപിയുടെ ആസൂത്രിത ശ്രമങ്ങളുടെ ഭാഗമായാണ്.

ഇതിന്‍റെയെല്ലാം ഫലമായി ക്രൈസ്തവർ ബിജെപിയിലേക്കു ചായുന്നു എന്നൊരു പ്രതീതി സൃഷ്ടിക്കുന്നതിൽ ബിജെപി ഒരു പരിധി വരെ വിജയിച്ചു എന്ന ചിന്തയും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. ഇതൊരു ട്രെൻഡ് ആയി മാറുന്നതിലെ അപകടം കോണ്‍ഗ്രസ് തിരിച്ചറിഞ്ഞാണ് കെപിസിസി അധ്യക്ഷൻ ബിഷപ്പുമാരെ സന്ദർശിക്കുന്നത്.