"പുൽവാമയിലെ വീഴ്ച മറച്ചുവയ്ക്കാൻ മോദി ഇടപെട്ടു': മുൻ ഗവർണറുടെ ആരോപണം പങ്കുവച്ച് രാഹുൽ

02:32 PM Apr 15, 2023 | Deepika.com
ന്യൂഡൽഹി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ സുരക്ഷാ വീഴ്ചയാണെന്ന ജമ്മു കാഷ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്‍റെ ആരോപണം ട്വിറ്ററിൽ പങ്കുവെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പുൽവാമ സംഭവത്തിൽ ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച സംഭവിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ളവർ അഴിമതിക്കാരാണെന്നുമായിരുന്നു മാലിക്കിന്‍റെ ആരോപണം.

"മോദി അഴിമതിയെ അത്രയേറെ വെറുക്കുന്നില്ല' എന്ന കുറിപ്പോടെ ഒരു ഓൺലൈൻ മാധ്യമം നൽകിയ വാർത്തയുടെ സ്ക്രീൻ ഷോട്ട് സഹിതമായിരുന്നു രാഹുലിന്‍റെ ട്വീറ്റ്. പുൽവാമ ആക്രമണം സുരക്ഷാ വീഴ്ച മൂലം സംഭവിച്ചതാണെന്ന് പ്രധാനമന്ത്രിയെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും ധരിപ്പിച്ചെങ്കിലും ഇക്കാര്യത്തിൽ മൗനം പാലിക്കാനാണ് ഇരുവരും ആവശ്യപ്പെട്ടതെന്നാണ് മാലിക് വെളിപ്പെടുത്തിയത്.

സര്‍ക്കാരിനും ബിജെപിക്കും തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനാണ് അവർ ഇതിനെ ഉപയോഗിച്ചത്. ആക്രമണത്തിന്‍റെ പേരിൽ പാക്കിസ്ഥാനെ പഴിചാരാനും ഇതിലൂടെ ബിജെപിക്ക് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനുമായിരുന്നു ശ്രമമെന്നും മാലിക് തുറന്നടിച്ചു. പ്രധാനമന്ത്രിക്ക് അഴിമതിയോട് എതിര്‍പ്പില്ലെന്നും അദ്ദേഹത്തിന് ഒപ്പമുള്ളവര്‍ അഴിമതിക്കാരാണെന്നും സത്യപാൽ മാലിക് അഭിമുഖത്തിൽ വിമർശിക്കുന്നു.

2019ൽ പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ സത്യപാല്‍ മാലിക് ആയിരുന്നു ജമ്മു കാഷ്മീർ ഗവര്‍ണർ.