എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ്; ഡല്‍ഹിയില്‍ അഞ്ചുപേരെ ചോദ്യം ചെയ്തു

02:32 PM Apr 15, 2023 | Deepika.com
ന്യൂഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്നു. കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഡല്‍ഹിയില്‍ അഞ്ചുപേരെ ചോദ്യം ചെയ്തു.

അറസ്റ്റിലായ പ്രതി ഷാരൂഖ് സെയ്ഫിയുടെ ഫോണില്‍നിന്ന് ലഭിച്ച വിവരങ്ങളും സോഷ്യല്‍മീഡിയ അക്കൗണ്ടിലെ വിവരങ്ങളും പരിശോധിച്ചശേഷമാണ് അഞ്ചുപേരെ ചോദ്യം ചെയ്തത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

മൂന്നു പേര്‍ക്കുകൂടി ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയെന്നാണ് വിവരം. കേരളാ പോലീസിന്‍റെ അന്വേഷണസംഘത്തിലെ ചിലര്‍ രാജ്യതലസ്ഥാനത്ത് ക്യാമ്പ് ചെയ്താണ് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തുന്നത്.

ഡല്‍ഹിയില്‍ ഷാരൂഖ് നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കും. ഇയാള്‍ക്ക് ഏതെങ്കിലും നിരോധിത സംഘടനകളുമായി ബന്ധമുണ്ടോ എന്നതടക്കം പരിശോധിക്കും.