പെരുന്പാവൂർ: കോടനാട് നെടുന്പാറ താണിപ്പാറയിൽ കുട്ടിയാനയെ കിണറ്റിൽ വീണ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. മുല്ലശേരി തങ്കൻ എന്നയാളുടെ പുരയിടത്തിൽ നിർമാണം നടക്കുന്ന കിണറ്റിലാണ് കുട്ടിയാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. നാട്ടുകാർ വിവരം അറിയച്ചതിനെതുടർന്ന് വനം വകുപ്പ് എത്തിയെങ്കിലും ആന ചെരിഞ്ഞിരുന്നു. നെടുന്പാറ, താനിപ്പാറ എന്നീ വനമേഖലയോട് ചേർന്ന് കിടക്കുന്ന ജനവാസമേഖലയിൽ ആഴ്ചകൾക്ക് മുൻപ് കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. 12 ആനകൾ ഇറങ്ങിയിരുന്നുവെന്നാണ് വിവരം.
ഇതിനെതിരെ വനംവകുപ്പിന് നാട്ടുകാർ പരാതി നൽകിയിരുന്നുവെങ്കിലും ആനകളെ തുരുത്തി കാട്ടിലേക്ക് അയക്കാൻ സാധിച്ചിരുന്നില്ല. ഇക്കൂട്ടത്തിൽ നിന്നുള്ള ആനക്കുട്ടിയാകാം കിണറ്റിൽ വീണ് ചരിഞ്ഞതെന്നാണ് നാട്ടുകാർ പറയുന്നത്.
മലയാറ്റൂർ ഡിഎഫ്ഒ സ്ഥലത്തെത്തിയാൽ മാത്രമേ ആനക്കുട്ടിയെ കിണറ്റിൽ നിന്നും കരയ്ക്ക് കയറ്റാൻ അനുവദിക്കുകയുള്ളുവെന്നാണ് നാട്ടുകാർ പറയുന്നത്.
കുട്ടിയാന കിണറ്റിൽ വീണു ചരിഞ്ഞ നിലയിൽ
12:46 PM Apr 15, 2023 | Deepika.com