ശ്രീ​റാ​മി​ന് തി​രി​ച്ച​ടി; ന​ര​ഹ​ത്യാ​ക്കു​റ്റം നി​ല​നി​ല്‍​ക്കു​മെ​ന്ന് ഹൈ​ക്കോ​ട​തി

12:57 PM Apr 13, 2023 | Deepika.com
കൊ​ച്ചി: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേ​സി​ല്‍ പ്രധാന പ്രതി ശ്രീറാം വെങ്കിട്ടരാമന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ശ്രീ​റാ​മി​നെ​തി​രേ ന​ര​ഹ​ത്യാ​ക്കു​റ്റം നി​ല​നി​ല്‍​ക്കു​മെ​ന്ന് ഹൈ​ക്കോ​ട​തി വിധിച്ചു.

നരഹത്യക്കുറ്റം ഒഴിവാക്കിയ വിചാരണക്കോടതി നടപടി ഹൈക്കോടതി റദ്ദാക്കി. സെഷൻസ് കോടതി വിധിക്കെതിരേ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. പ്രതികള്‍ക്കെതിരേ 304 വുപ്പ് പ്രകാരം ചുമത്തിയ നരഹത്യക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു നേരത്തെ സെഷന്‍ കോടതിയുടെ വിധി.

പ്രഥമദൃഷ്ട്യാ വാഹനം അമിത വേഗതയിലായിരുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വാഹനമോടിച്ചത് മദ്യപിച്ചാണെന്നും ശേഷം ശ്രീറാം വെങ്കിട്ടരാമൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും കോടതി വിധിയിൽ പറഞ്ഞു.

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ തെ​റ്റാ​ണ്. പ​ല​പ്പോ​ഴും നി​ര​പ​രാ​ധി​ക​ളാ​ണ് ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ളി​ല്‍ ഇ​ര​ക​ളാ​കു​ന്ന​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. അ​തു​കൊ​ണ്ട് ഇ​തി​നെ വാ​ഹ​നാ​പ​ക​ടം മാ​ത്ര​മാ​യി കാ​ണാ​നാ​വി​ല്ലെ​ന്നും കോ​ട​തി വ്യക്തമാക്കി.

ഇ​തോ​ടെ ശ്രീ​റാ​മി​നെ​തി​രേ ന​ര​ഹ​ത്യാ​ക്കു​റ്റം അ​ട​ക്കം ചു​മ​ത്തി വി​ചാ​ര​ണ ന​ട​പ​ടി​ക​ളു​മാ​യി ഇ​നി മു​ന്നോ​ട്ട് പോ​കാ​ന്‍ ക​ഴി​യും.

എന്നാല്‍ രണ്ടാംപ്രതിയായിരുന്ന വഫ ഫിറോസിനെ കേസില്‍ നിന്നും ഒഴിവാക്കി. ശ്രീറാമാണ് വാഹനമോടിച്ചതെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് വഫയെ പൂര്‍ണമായി ഒഴിവാക്കിയത്.