പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ചു

12:46 PM Apr 13, 2023 | Deepika.com
കോഴിക്കോട്: താമരശേരിയില്‍നിന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നില്‍ കര്‍ണാടകയിലെ സ്വര്‍ണക്കടത്ത് സംഘങ്ങളെന്ന് സൂചന. ഇതോടെ അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചു.

താമരശേരി സ്വദേശിയായ ഷാഫിയെ തട്ടിക്കൊണ്ട് പോയിട്ട് ഇന്ന് ആറ് ദിവസം പിന്നിട്ടു. വീട്ടുമുറ്റത്തിരിക്കെയാണ് ഷാഫിയെയും ഭാര്യയെയും ഒരു സംഘം ആളുകള്‍ കാറിലെത്തി തട്ടിക്കൊണ്ടുപോയത്. അല്‍പദൂരം മൂന്നോട്ട് പോയ ശേഷം ഭാര്യയെ റോഡിലേക്ക് തള്ളിയിട്ടിട്ട് ഇവര്‍ ഷാഫിയുമായി കടന്നുകളയുകയായിരുന്നു.

ഷാഫിയെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാര്‍ കഴിഞ്ഞ ദിവസം കാസര്‍ഗോഡ് അതിര്‍ത്തിയില്‍നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇത് വാടകയ്‌ക്കെടുത്ത വാഹനമാണെന്നാണ് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിക്കുന്നത്.

സൗദിയിലെ സ്വര്‍ണക്കടത്തുസംഘവുമായി ബന്ധമുള്ള ആളുകളാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയതെന്നായിരുന്നു പോലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാല്‍ കര്‍ണാടക കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തുസംഘം തന്നെയാകാം തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് നിലവിലെ വിലയിരുത്തല്‍.