ചെന്നൈ: ദക്ഷിണേന്ത്യയില്‍ പ്രധാനമന്ത്രി സന്ദര്‍ശനം തുടരുന്നതിനിടെ മോദിക്കെതിരെ തമിഴ്നാട്ടിലും തെലങ്കാനയിലും വന്‍ പ്രതിഷേധം. ചെന്നൈയില്‍ കോണ്‍ഗ്രസിന്റെയും ദ്രാവിഡ സംഘടനകളുടെയും നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.
വൈകുന്നേരം മൂന്നിന് പ്രധാനമന്ത്രി തമിഴ്നാട്ടിലെത്താനിരിക്കെയാണ് പ്രതിഷേധം. ചെന്നൈ വിമാനത്താളത്തിന്റെ നവീകരിച്ച ടെര്‍മിനല്‍ പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുക."മോദി ഗോ ബാക്ക്' എന്നെഴുതിയ പോസ്റ്ററുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.
രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയതിനെതിരെയാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം. മോദിയെ തമിഴ്നാട്ടില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്ന നിലപാടാണ് ദ്രാവിഡ സംഘടനകള്‍ക്കുള്ളത്.
അതേസമയം മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടുന്നതിനാല്‍ ഡിഎംകെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയിട്ടില്ല. ട്വിറ്ററില്‍ "മോദി ഗോ ബാക്ക്' എന്ന ഹാഷ് ടാഗിലൂടെയും പ്രതിഷേധമുയരുന്നുണ്ട്.
തെലങ്കാനയിലും പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാണ്. രാവിലെ 11.30നാണ് പ്രധാനമന്ത്രി സെക്കന്തരാബാദിലെത്തിയത്. സെക്കന്തരാബാദ്-തിരുപ്പതി വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
മോദി പങ്കെടുക്കുന്ന പരിപാടിയുടെ വേദിക്ക് സമീപം മോദി വിരുദ്ധ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ചടങ്ങില്‍നിന്ന് വിട്ടുനിന്നു.
"മോദി ഗോ ബാക്ക്'; പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ വന്‍ പ്രതിഷേധം
03:23 PM Apr 08, 2023 | Deepika.com