"കോ​ൺ​ഗ്ര​സു​കാ​രേ ഇ​ങ്ങോ​ട്ട് പോ​രൂ... സി​പി​എം വാ​തി​ലു​ക​ള്‍ തു​റ​ന്നി​ട്ടി​രി​ക്കു​ന്നു'

04:26 PM Apr 08, 2023 | Deepika.com
തിരുവനന്തപുരം: ബിജെപി വിരുദ്ധ പോരാട്ടത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാടുകളില്‍ അസംതൃപ്തരായ മതനിരപേക്ഷ മനസുകളുള്ള കോണ്‍ഗ്രസുകാരെ ഇടതുപക്ഷത്തേക്ക് ക്ഷണിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് കൊണ്ടുള്ള കുറിപ്പ് മന്ത്രി പുറത്തുവിട്ടത്.

കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് പോയ മുഖ്യമന്ത്രിമാരുടെ പേരുകള്‍ പരാമര്‍ശിച്ചാണ് റിയാസിന്‍റെ കുറിപ്പ്. കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ പല നേതാക്കളും ബിജെപിയിലേക്ക് പോകാതെയിരിക്കുന്നത് ഇവിടുത്തെ രാഷ്ട്രീയ സാഹചര്യമാണ്. ഇടതുപക്ഷത്തിന്‍റെ ശക്തമായ സാന്നിധ്യവും അതിലൂടെ സംരക്ഷിക്കപ്പെടുന്ന മതനിരപേക്ഷ പാരമ്പര്യവുമാണ് ഇതിന്‍റെ പ്രത്യേകതയെന്നും റിയാസ് പറയുന്നു.

‘1. എസ്.എം. കൃഷ്ണ (കര്‍ണാടക), 2. ദിഗംബര്‍ കാമത്ത് (ഗോവ), 3. വിജയ് ബഹുഗുണ (ഉത്തരാഖണ്ഡ്), 4. എന്‍.ഡി.തിവാരി (ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്), 5. പ്രേമ ഖണ്ഡു (അരുണാചല്‍ പ്രദേശ് ), 6. ബിരേന്‍ സിംഗ് ( മണിപ്പൂര്‍), 7. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് (പഞ്ചാബ്) 8. എന്‍.കിരണ്‍ കുമാര്‍ റെഡഡ്ഡി (ആന്ധ്രാ പ്രദേശ്) കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക്പോയ മുന്‍ മുഖ്യമന്ത്രിമാരുടെ ലിസ്റ്റാണിത്.

അവിഭക്ത ആന്ധ്രാപ്രദേശിന്‍റെ അവസാന മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയുടെ കൂറുമാറ്റത്തോടെ ഈ ലിസ്റ്റിലെ അംഗങ്ങളുടെ എണ്ണം എട്ട് ആയിരിക്കുകയാണ്.

നാല്‍പ്പതോളം സഖാക്കളാണ് കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടെ മാത്രം സംഘിപരിവാറിനാല്‍ കേരളത്തില്‍ കൊല ചെയ്യപ്പെട്ടത്.കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന മതനിരപേക്ഷ മനസുകള്‍ നിരവധിയാണെന്നറിയാം. ബിജെപി വിരുദ്ധ പോരാട്ടത്തില്‍, കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാടില്‍ നിങ്ങള്‍ അസംതൃപ്തരാണെന്നുമറിയാം. ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെ വാതിലുകൾ എന്നും നിങ്ങൾക്കായി തുറന്നിട്ടിരിക്കുകയാണെന്ന് റിയാസ് കുറിപ്പിൽ വിശദീകരിക്കുന്നു.