കൊച്ചി: മികച്ച പാരിസ്ഥിതിക വാര്‍ത്താ പരമ്പരയ്ക്കും വ്യക്ത്യാധിഷ്ടിത വാര്‍ത്തയ്ക്കുമുള്ള പതിനെട്ടാമത് മണപ്പുറം യൂണിക് ടൈംസ് മിന്നലൈ മാധ്യമ പുരസ്കാരങ്ങൾ, യഥാക്രമം ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്തിനും രാഷ്ട്രദീപിക സബ് എഡിറ്റർ സീമ മോഹൻലാലിനും.
കേരളത്തിലെ മലയോര ജനത നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉള്ളടക്കമാക്കി 2022 ജൂൺ 17 മുതൽ 22 വരെ ആറ് അധ്യായങ്ങളിലായി ദീപികയിൽ പ്രസിദ്ധീകരിച്ച "കാട്ടുനീതിയുടെ കാണാപ്പുറങ്ങൾ' എന്ന പരന്പരയാണ് സിജോ പൈനാടത്തിനെ മികച്ച പാരിസ്ഥിതിക വാര്‍ത്താ പരമ്പരയ്ക്കുള്ള പുരസ്കാരത്തിന് അർഹനാക്കിയത്.
നേരത്തെ ദേശീയതലത്തിലുള്ള റീച്ച്-യുഎസ് എയ്ഡ് മീഡിയ ഫെലോഷിപ്പ്, സ്കാര്‍ഫ് ഇന്ത്യ ദേശീയ മാധ്യമ പുരസ്കാരം, കേരള മീഡിയ അക്കാദമി ഫെലോഷിപ്പ്, ഹ്യൂമന്‍ റൈറ്റ്സ് ഫോറം മീഡിയ അവാര്‍ഡ്, സ്വരാജ് ഫൗണ്ടേഷന് മാധ്യമ പുരസ്കാരം എന്നിവ സിജോ പൈനാടത്തിന് ലഭിച്ചിട്ടുണ്ട്.
2008 മുതൽ ദീപിക പത്രാധിപസമിതി അംഗമായ സിജോ, എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ ആറങ്കാവ് പൈനാടത്ത് പരേതനായ എസ്തപ്പാനുവിന്റെയും മറിയംകുട്ടിയുടെയും മകനാണ്. ഭാര്യ: ഡോ. സിജി സിജോ (മഞ്ഞപ്ര സെന്റ് മേരീസ് യുപി സ്കൂള്‍ അധ്യാപിക). സ്റ്റെഫാന്‍ എസ്. പൈനാടത്ത് (എടനാട് വിജ്ഞാനപീഠം പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥി) മകനാണ്.
2022 ജൂലൈ 21 ന് രാഷ്ട്രദീപിക പത്രത്തില്‍ പ്രസിദ്ധീകരിച്ച കാടറിഞ്ഞ ജീവിതം എന്ന വാര്‍ത്തയാണു സീമ മോഹൻലാലിനെ മികച്ച വ്യക്ത്യാധിഷ്ടിത റിപ്പോർട്ടിനുള്ള അവാര്‍ഡിന് അർഹയാക്കിയത്. കേരളത്തിലെ ആദ്യ വനിതാ ടൂര്‍ ഗൈഡായ സുധാ ചന്ദ്രനെ കുറിച്ചുള്ളതായിരുന്നു ഈ വാര്‍ത്ത.
ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മാധ്യമശ്രീ പുരസ്കാരം, യൂനിസെഫ് മീഡിയ പുരസ്കാരം, റീച്ച് ലില്ലി നാഷണല്‍ ഫെലോഷിപ്പ്, ഡോ. ബി.ആര്. അംബേദ്കര്‍ നാഷണല്‍ ഫെലോഷിപ്പ്, നാഷണല്‍ ചൈല്‍ഡ് ഡവലപ്മെന്റ് കൗണ്‍സില്‍ മീഡിയ അവാര്‍ഡ്, കേരള മീഡിയ അക്കാദമി ഫെലോഷിപ്പ് എന്നിവയടക്കം 20 മാധ്യമപുരസ്കാരങ്ങള്‍ സീമയ്ക്ക് ലഭിച്ചിട്ടുണ്ട്. കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന വൈസ് പ്രസിഡന്റാണ്.
കുമ്പളങ്ങി പ്രിയാനിവാസില്‍ സി.പി. മോഹന്‍ലാല്‍(റിട്ട. ഇന്കംടാകസ് ഡിപ്പാര്‍ട്ട്മെന്റ്)-പ്രിയ ദമ്പതികളുടെ മകളാണ്. വൈക്കം കുലശേഖരമംഗലം പുളിക്കപ്പറമ്പില്‍ ബിജു മോഹന്‍(സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, ട്രാഫിക് വെസ്റ്റ് പോലീസ് സ്റ്റേഷന്, കൊച്ചി സിറ്റി) ആണ് ഭര്‍ത്താവ്. മകന് : ശിവകൃഷ്ണ ബിജു (വിദ്യാര്‍ഥി, രാജഗിരി അമല സിഎംഐ പബ്ലിക് സ്കൂള്‍, വൈക്കം).
എം.എസ്.സജീവന് (കേരള കൗമുദി), കെ.ജയപ്രകാശ് ബാബു, ഇ.വി. ശ്രീകുമാര്‍ (ഇരുവരും മലയാള മനോരമ), കെ.കൃഷ്ണകുമാര്‍ (മനോരമ ന്യൂസ്), മാതു സജി (മാതൃഭൂമി ന്യൂസ്), കെ.വി.സന്തോഷ് കുമാര്‍ (ഏഷ്യാനെറ്റ് ന്യൂസ്), ടി.വി.ബിജു (ജീവന് ടിവി), ബെന്‍സി അയ്യമ്പിള്ളി- മനോ ജോസ് (റേഡിയോ മാംഗോ) എന്നിവരാണു മറ്റു പുരസ്കാര ജേതാക്കൾ.
11 ന് വൈകുന്നേരം ആറിന് കൊച്ചിയിലെ ലെ മെറിഡിയനിൽ നടക്കുന്ന അവാര്‍ഡ് നിശയില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
സിജോ പൈനാടത്തിനും സീമ മോഹൻലാലിനും മാധ്യമ പുരസ്കാരം
07:38 PM Apr 05, 2023 | Deepika.com