ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടൻഹാം ഹോട്ട്സ്പുർ 50 പോയിന്റിൽ. സീസണിലെ 29-ാം മത്സരത്തിൽ എവർട്ടണുമായി 1-1 സമനിലയിൽ പിരിഞ്ഞതോടെയാണിത്. ഹാരി കെയ്ന്റെ (68’) പെനാൽറ്റി ഗോളിലൂടെ മുന്നിൽ കടന്ന ശേഷമാണു ടോട്ടൻഹാം സമനില വഴങ്ങിയത്.
മിഷേൽ കീനിന്റെ (90’) ഗോളിലായിരുന്നു എവർട്ടണ് സമനിലയിലെത്തിയത്. എവർട്ടണിന്റെ അബ്ദുയാലെ ഡൗകോറും (58’) ടോട്ടൻഹാമിന്റെ ലൂകാസ് മൗരയും (88’) ചുവപ്പുകാർഡ് കണ്ടതോടെ ഇരു ടീമും മത്സരം അവസാനിപ്പിച്ചത് 10 പേരുമായായിരുന്നു.
ലീഗിൽ 50 പോയിന്റുമായി ടോട്ടൻഹാം നാലാം സ്ഥാനത്ത് എത്തി. എവർട്ടണ് (27 പോയിന്റ്) 15-ാം സ്ഥാനത്താണ്. ആഴ്സണൽ (72), മാഞ്ചസ്റ്റർ സിറ്റി (64), ന്യൂകാസിൽ (50) എന്നീ ടീമുകളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.
പ്രീമിയർ ലീഗ് പോയിന്റ് ടേബിളിന്റെ അവസാന സ്ഥാനങ്ങളിൽ അഞ്ച് പോയിന്റിന്റെ വ്യത്യാസത്തിൽ എട്ട് ടീമുകൾ തരംതാഴ്ത്തൽ ഭീഷണി മറികടക്കാനുള്ള തീവ്രശ്രമത്തിലാണെന്നതും ശ്രദ്ധേയം. 23 പോയിന്റുള്ള സതാംപ്ടൺ ആണ് ഏറ്റവും പിന്നിൽ.
എവർട്ടണുമായി സമനില; ടോട്ടൻഹാം @ 50
01:08 AM Apr 05, 2023 | Deepika.com