അട്ടപ്പാടി മധു വധക്കേസിൽ വിധി ചൊവ്വാഴ്ച

11:39 AM Mar 30, 2023 | Deepika.com
പാലക്കാട്: കേരള മനസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധു വധക്കേസിലെ വിധി പ്രഖ്യാപനം ഏപ്രിൽ നാലിന്. മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ കോടതിയാണ് വിധി പറയുക.

പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് കേസ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. മാർച്ച് പത്തിനാണ് കേസിലെ അന്തിമവാദം പൂർത്തിയായത്.

2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകൾ മധുവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 16 പ്രതികളാണ് കേസിലുള്ളത്.

മൂവായിരത്തിലധികം പേജുകളുളള കുറ്റപത്രത്തിൽ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ മധുവിന്‍റെ ബന്ധുക്കളുൾപ്പടെ 24 പേർ വിചാരണക്കിടെ കൂറുമാറി. കൂറുമാറിയ വനം വകുപ്പിലെ താല്‍കാലിക ജീവനക്കാരായ നാലുപേരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.

ഇതിനിടെ കൂറുമാറിയ സാക്ഷികൾ കോടതിയിലെത്തി പ്രോസിക്യൂഷന് അനുകൂല മൊഴി നൽകി. കൂറുമാറിയ സാക്ഷിയുടെ കാഴ്ച പരിശോധിക്കുക എന്ന അപൂർവങ്ങളിൽ അപൂർവമായ സംഭവവും മണ്ണാർക്കാട്ടെ പ്രത്യേക കോടതി വിസ്താരത്തിനിടെ നടന്നിരുന്നു.