ഗ്രൂ​പ്പ് ത​ർ​ക്കം; സു​ള്ള്യ​യി​ലെ സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ

07:31 PM Mar 29, 2023 | Deepika.com
മം​ഗ​ളൂ​രു: സു​ള്ള്യ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ ദക്ഷിണ കന്നഡ ഡി​സി​സി ഓ​ഫീ​സി​ന് മു​മ്പി​ൽ‌ ധ​ർ​ണ ന​ട​ത്തി.

മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ നേ​താ​വാ​യ ന​ന്ദ​കു​മാ​റി​ന്‍റെ അ​നു​യാ​യി​ക​ളാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ർ​ഥി​യാ​യ ജി. ​കൃ​ഷ്ണ​പ്പ​യെ പി​ൻ​വ​ലി​ച്ച് ന​ന്ദ​കു​മാ​റി​ന് അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നാ​ണ് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ജ​ന​ങ്ങ​ൾ​ക്ക് താ​ൽ​പ​ര്യ​മു​ള്ള സ്ഥാ​നാ​ർ​ഥി​യാ​യ ന​ന്ദ​കു​മാ​റി​നെ പോ​രാ​ട്ട​ത്തി​നി​റ​ക്കി​യാ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ വി​ജ​യം ത​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ അ​റി​യി​ച്ചു.

മെ​യ് 10-ന് ​ന​ട​ക്കു​ന്ന ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പി​സി​സി പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.