പത്തനംതിട്ട: ചെറുപ്പത്തില്‍ നേരിട്ട ലൈംഗിക അതിക്രമം പങ്കുവച്ച് പത്തനംതിട്ട കളക്ടര്‍ ദിവ്യ.എസ്.അയ്യര്‍. രണ്ട് പുരുഷന്മാര് തന്നെ വാത്സല്യത്തോടെ വിളിച്ച് അടുത്തിരുത്തി ദേഹത്ത് സ്പര്‍ശിച്ചു. എന്തിനാണവര്‍ തൊടുന്നതെന്നോ സ്നേഹത്തോടെ പെരുമാറുന്നതെന്നോ തനിക്കു തിരിച്ചറിയാനായില്ലെന്ന് കളക്ടര്‍ പറഞ്ഞു.
ലൈംഗിക പീഡനത്തിനിരയാകുന്ന കുട്ടികളെക്കുറിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശിശു സംരക്ഷണ വകുപ്പു സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് വെളിപ്പെടുത്തല്‍.
അവര്‍ തന്റെ വസ്ത്രമഴിക്കാന്‍ ശ്രമിച്ചതോടെ വല്ലായ്മ തോന്നി. അരുതാത്തതെന്തോ ആണ് സംഭവിക്കുന്നതെന്ന് മനസിലായതോടെ താന്‍ കുതറിയോടി രക്ഷപ്പെട്ടെന്നും കളക്ടര്‍ പറഞ്ഞു.
പിന്നീട് ആള്‍ക്കൂട്ടങ്ങളില്‍ ചെന്നെത്തുമ്പോഴെല്ലാം ആ രണ്ടു മുഖങ്ങള്‍ അവിടെയുണ്ടോ എന്ന് എപ്പോഴും തേടുമായിരുന്നു. മാതാപിതാക്കള്‍ തന്ന മാനസിക പിന്‍ബലം കൊണ്ടു മാത്രമാണ് ആ ആഘാതത്തില്‍ നിന്ന് രക്ഷ നേടാനായത്.
കുട്ടികള്‍ നേരിടാന്‍ സാധ്യതയുള്ള അതിക്രമങ്ങളെപ്പറ്റി രക്ഷിതാക്കളും അധ്യാപകരും പറഞ്ഞുകൊടുക്കണം. ചെറുപ്രായത്തില്‍ തന്നെ "ഗുഡ് ടച്ചും' 'ബാഡ് ടച്ചും' തിരിച്ചറിയാന്‍ അവരെ പഠിപ്പിക്കണം. പൂമ്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തില്‍ അവരെ മാനസിക ആഘാതത്തിലേക്കു തള്ളിയിടാതെ എല്ലാവരും ശ്രദ്ധിക്കണമെന്നും കളക്ടര്‍ കൂട്ടിചേര്‍ത്തു.
രണ്ട് പുരുഷന്മാര് മോശമായി പെരുമാറി; ആറാം വയസിലെ ദുരനുഭവം പങ്കുവച്ച് ദിവ്യ.എസ്.അയ്യര്‍
03:01 PM Mar 29, 2023 | Deepika.com