കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുന്നുപേര്‍ കുറ്റക്കാരെന്ന് കണ്ണൂര്‍ സബ്കോടതി. മുന്‍ എംഎല്‍എമാരായ സി.കൃഷ്ണന്, കെ.കെ.നാരായണന് അടക്കമുള്ള 110 പേരെ കോടതി വെറുതേവിട്ടു.
113 പേരായിരുന്നു കേസിലെ പ്രതികള്‍. 88-ാം പ്രതി ദീപക്, 18-ാം പ്രതി സി.ഒ.ടി.നസീര്‍, 99-ാം പ്രതി ബിജു പറമ്പത്ത് എന്നിവരാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചത്. ഇതില്‍ നസീറും ദീപക്കും അച്ചടക്ക നടപടിയുടെ പേരില്‍ സിപിഎം പുറത്താക്കിയവരാണ്.
2013 ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരില്‍ പോലീസ് അത്ലറ്റിക് മീറ്റിന്റെ സമാപനചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ കല്ലെറിഞ്ഞെന്നാണ് കേസ്. കല്ലേറില്‍ ഉമ്മന്‍ചാണ്ടിയുടെ നെഞ്ചിലും തലയ്ക്കും പരിക്കേറ്റിരുന്നു.
ആയുധം കൊണ്ട് പരിക്കേല്‍പ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ രണ്ട് വകുപ്പുകള്‍ മാത്രമാണ് പ്രതികള്‍ക്കെതിരെ തെളിയിക്കാന്‍ കഴിഞ്ഞത്. വധശ്രമം, ഗൂഢാലോചന, പൊലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ തെളിയിക്കാനായില്ല.
ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: മൂന്നുപേര്‍ കുറ്റക്കാര്‍; 110 പ്രതികളെ വെറുതേവിട്ടു
12:03 PM Mar 27, 2023 | Deepika.com