മിസിസിപ്പി ചുഴലിക്കാറ്റ്: മരണസംഖ്യ ഉയരുന്നു

01:51 PM Mar 26, 2023 | Deepika.com
ജാക്സൺ: അമേരിക്കയിലെ മിസിസിപ്പിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ മരണസംഖ്യ ഉയരുന്നു. 26 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് ഔദ്യോഗിക സ്ഥിരീകരണം. മണിക്കൂറിൽ 113 കിലോമീറ്റർ വേഗത്തിൽ വീശിയ കാറ്റിൽ വലിയതോതിലുള്ള നാശനഷ്ടങ്ങളുണ്ടായി.

വീടുകളും കെട്ടിടങ്ങളും തകർന്ന് വീണ് ഒരുപാട് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിൽവർ സിറ്റി, റോളിംഗ് ഫോർട്ട് പട്ടണങ്ങളിൽ വളരെ വലിയ നാശനഷ്ടങ്ങളുണ്ടായി.

മിസിസിപ്പിക്കു പുറമേ തെക്കൻ സംസ്ഥാനങ്ങളായ അലബാമയിലും ടെന്നസിയിലും ചുഴലിക്കാറ്റ് വലിയ നാശം വിതച്ചിട്ടുണ്ട്. മൂന്നു സംസ്ഥാനങ്ങളിലുംകൂടി ഒരു ലക്ഷത്തിലധികം കെട്ടിടങ്ങളിൽ വൈദ്യുതി ഇല്ലാതായി. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.