അഹങ്കാരിയായ രാജാവിന് ജനം മറുപടി നൽകും: മോദിയെ ചൂണ്ടി പ്രിയങ്ക

01:33 PM Mar 26, 2023 | Deepika.com
ന്യൂഡൽഹി: കോൺഗ്രസിന്‍റെ രാജ്ഘട്ട് സത്യഗ്രഹ സമരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. പ്രതിപക്ഷത്തെ ഭയപ്പെടുത്തി നിശബ്ദമാക്കാനാണ് മോദി സർക്കാരിന്‍റെ ശ്രമം. ഇതിന്‍റെ ഭാഗമായി രാഹുലിനെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

രക്തസാക്ഷിയായ ഞങ്ങളുടെ പിതാവിനെ വരെ പാർലമെന്‍റിൽ ബിജെപി നേതാക്കൾ അപമാനിച്ചു. എന്നാൽ ബിജെപിയുടെ നീക്കത്തെ രാഹുൽ ഭയക്കുന്നില്ലെന്ന് ഓർത്തുകൊള്ളണം. അദാനിയും കൂട്ടരും കൊള്ളയടിച്ചത് രാജ്യത്തിന്‍റെ സ്വത്താണ്, രാഹുലിന്‍റെ സ്വത്തല്ലെന്നും പ്രിയങ്ക പറഞ്ഞു.

ചോദ്യങ്ങളെ പ്രധാനമന്ത്രി പേടിക്കുന്നു. ഞങ്ങൾ ഇനിയും ചോദ്യങ്ങൾ ചോദിക്കുക തന്നെ ചെയ്യും. അദാനിയെക്കുറിച്ച് ചോദ്യം ചോദിച്ചതിനാണ് രാഹുലിനെ പാർലമെന്‍റിൽ അയോഗ്യനാക്കിയത്. അഹങ്കാരിയായ രാജാവിന് ജനം മറുപടി നൽകുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.