കോട്ടയം: പഴയിടം ഇരട്ടക്കൊലക്കേസില്‍ പ്രതി ചൂരപ്പാടി അരുൺ ശശിക്ക് (39) വധശിക്ഷ. കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി-2 ആണ് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും അടയ്ക്കണം.
സംരക്ഷിക്കേണ്ട ആള്‍തന്നെ ക്രൂരമായ കൊലപാതകം നടത്തിയെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
2013 ഓഗസ്റ്റ് 28നായിരുന്നു കേസ്നാസ്പദമായ സംഭവം. മണിമല പഴയിടത്ത് ദമ്പതികളായ എന്‍. ഭാസ്കരന് നായര്‍ (71), ഭാര്യ തങ്കമ്മ (68) എന്നിവരാണ് കൊല്ലപ്പെട്ടത്. തങ്കമ്മയുടെ സഹോദര പുത്രനായ അരുണ്‍ ഇവരെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കാറ് വാങ്ങാന്‍ പണം കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു കൊലപാതകം.
കേസ് അന്വേഷണത്തിന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ ഉള്‍പ്പെടെ മുന്‍പന്തിയില്‍ നിന്ന അരുണിനെ ആദ്യ ഘട്ടത്തില്‍ ആരും സംശയിച്ചിരുന്നില്ല. പിന്നീട് മറ്റൊരു മാല മോഷണക്കേസില്‍ പിടിയിലായപ്പോളാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
പഴയിടം ഇരട്ടക്കൊലക്കേസ്: പ്രതി അരുണിന് വധശിക്ഷ
05:11 PM Mar 24, 2023 | Deepika.com