നിയമസഭയിലെ സംഘര്‍ഷം; എംഎല്‍എമാര്‍ക്കെതിരായ തുടര്‍നടപടി വൈകും

08:57 AM Mar 22, 2023 | Deepika.com
തിരുവനന്തപുരം: നിയമസഭയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എംഎല്‍എമാര്‍ക്കെതിരായി രജിസ്റ്റര്‍ ചെയ്ത കേസില്‍ തുടര്‍നടപടി വൈകും.

വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രം തുടര്‍നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് നിയമസഭാ സെക്രട്ടേറിയറ്റിന്‍റെ തീരുമാനം. കേസില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ അനുമതി തേടിയുള്ള പോലീസിന്‍റെ

അപേക്ഷ ഉടന്‍ പരിഗണിക്കില്ല. സംഘര്‍ഷം നടന്ന സ്പീക്കറുടെ ഓഫീസിന് മുന്നിലെത്തി മഹസര്‍ തയാറാക്കാനും എംഎല്‍എമാരുടെ മൊഴിയെടുക്കാനുമാണ് പോലീസ് അനുമതി തേടിയത്. അതേസമയം അനുമതി നല്‍കിയാല്‍ നിയമപരമായി നേരിടാനാരുന്നു പ്രതിപക്ഷത്തിന്‍റെ നീക്കം.

ബുധനാഴ്ച സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷത്തെ രണ്ട് വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഏഴ് എംഎല്‍എമാര്‍ക്കെതിരെ പത്ത് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇതിനെതിരെ സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.