കൊച്ചി: യുവതിയുടെ സ്വർണം തട്ടിയെടുത്ത കാമുകനും സുഹൃത്തും പിടിയിൽ. ഇടുക്കി ചുരുളിപതാല്‍ ആല്‍പ്പാറ മുഴയില്‍ വീട്ടില്‍ കിച്ചു ബെന്നി(23), രാജസ്ഥാന് മിലാക്പൂര്‍ സ്വദേശി വിശാല്‍ മീണ (28) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
കിച്ചുവിന്റെ കാമുകിയായ ഇടുക്കി സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് നടപടി. എറണാകുളത്താണ് യുവതി ജോലി ചെയ്തിരുന്നത്. പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് യുവതിയുടെ പക്കൽ നിന്നും 23 പവൻ സ്വർണമാണ് ഇവർ തട്ടിയെടുത്തത്.
മട്ടാഞ്ചേരിയിൽ വച്ചാണ് യുവതി കാമുകനും സുഹൃത്തിനും സ്വർണം കൈമാറിയത്. തുടർന്ന് മൂവരും കാറിൽ യാത്ര ചെയ്യുന്നതിനിടെ കിച്ചു കാറിൽ നിന്ന് പുറത്തിറങ്ങി. യുവതിയും പുറകെ പോയി. ഈ സമയം വിശാൽ മീണ സ്വർണവുമായി കടന്നുകളഞ്ഞു.
യുവതി ഉടൻ തന്നെ നോർത്ത് പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ ഷൊർണൂരിൽ വച്ച് വിശാലിനെ പിടികൂടി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കിച്ചു പറഞ്ഞത് പ്രകാരമാണ് എല്ലാം ചെയ്തതെന്ന് വിശാൽ പോലീസിന് മൊഴി നൽകി.
എന്നാൽ കിച്ചുവിനെ കബളിപ്പിച്ച് സ്വര്‍ണവുമായി സ്ഥലം വിടാനായിരുന്നു വിശാലിന്റെ പദ്ധതി. കേസിൽ കിച്ചുവിനെയും പോലീസ് പ്രതി ചേർത്തിട്ടുണ്ട്.
കാമുകിയുടെ സ്വർണം തട്ടിയെടുത്തു; കാമുകനും സുഹൃത്തും പിടിയിൽ
12:06 AM Mar 22, 2023 | Deepika.com