ആദായനികുതി വകുപ്പ് റെയ്ഡ്; ഫാരിസ് അബൂബക്കർ ഒരാഴ്ചയ്ക്കകം ഹാജരാകാൻ നോട്ടീസ്

11:28 AM Mar 21, 2023 | Deepika.com
കൊച്ചി: ആദായനികുതി വകുപ്പിന്‍റെ റെയ്ഡിനെത്തുടർന്ന് ചോദ്യം ചെയ്യലിന് ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാകാൻ വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന് നോട്ടീസ്. ഫാരിസ് ലണ്ടനിലാണെന്ന് ബന്ധുക്കളും ജീവനക്കാരും അറിയിച്ചതിനെത്തുടർന്നാണ് ചെന്നൈയിലെ ആദായനികുതി ഓഫീസിൽ നേരിട്ടു ഹാജരാകാൻ നോട്ടീസ് നൽകിയത്.

റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ കള്ളപ്പണനിക്ഷേപവുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. കൊച്ചിയിലെ ഓഫീസിന് പുറമേ ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ, എന്നിവിടങ്ങളിലെ ഓഫീസുകളിലും കോഴിക്കോട് കൊയിലാണ്ടി നന്ദിബസാറിലെ കുടുംബവീട്ടിലും റെയ്ഡ് നടത്തി.

റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് എറണാകുളം നഗരത്തിലെ ഓഫീസിലായിരുന്നു പരിശോധന. മുളവുകാട്ടുള്ള 15 ഏക്കറിന്‍റെ രേഖകളും ആദായനികുതി വകുപ്പ് പരിശോധിച്ചതായാണ് സൂചന. തിങ്കളാഴ്ച രാവിലെ എട്ടിനാണ് പരിശോധന ആരംഭിച്ചത്.

റിയൽ എസ്റ്റേറ്റ് കള്ളപ്പണ ഇടപാടുകൾ, രാഷ്ട്രീയ ബന്ധങ്ങളുടെ സ്വാധീനം എന്നീ ഇടപാടുകളെ പറ്റിയാണ് ആദായനികുതി അന്വേഷിക്കുന്നത് ചേർത്തലയുൾപ്പടെയുള്ള വിവിധ പ്രദേശങ്ങളിൽ നടത്തിയ ഭൂമി ഇടപാടുകളിലും പരിശോധന നടന്നു.

കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾക്ക് കള്ളപ്പണം വിനിയോഗിച്ചെന്ന സംശയത്തിലാണ് റെയ്ഡെന്ന് ആദായനികുതി വകുപ്പ് സൂചന നൽകുന്നു. കൊച്ചിയിലെ ആദായനികുതി ഡയറക്ടർ ഓഫീസും ചെന്നൈ ഓഫീസുമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.