മുംബൈ: വനിതാ പ്രീമിയർ ലിഗ് ട്വന്റി-20 ക്രിക്കറ്റിൽ യുപി വാരിയേഴ്സിന് ജയം. ഗുജറാത്ത് ജയ്ന്റ്സിനെതിരെ മൂന്ന് വിക്കറ്റിനായിരുന്നു യുപിയുടെ ജയം. ജയത്തോടെ യുപി പ്ലേഓഫ് ഉറപ്പിച്ചു. ഇതോടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ജയ്ന്റ്സും പ്ലേഓഫ് കാണാതെ പുറത്തായി.
താലിയ മഗ്രാത്തിന്റെയും ഗ്രേസ് ഹാരിസിന്റെയും അർധ സെഞ്ചുറി കരുത്തിലാണ് യുപി ജയിച്ചുകയറിയത്. ഗുജറാത്ത് ഉയർത്തിയ 179 റണ്‍സ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഒരു പന്ത് ശേഷിക്കെയാണ് യുപി മറികടന്നത്.
താലിയ മഗ്രാത്ത് 38 പന്തിൽ 11 ഫോറുകളുടെ അകന്പടിയോടെ 57 റണ്‍സെടുത്തു. ഗ്രേസ് 41 പന്തിൽ നാല് സിക്സും ഏഴ് ഫോറും ഉൾപ്പെടെ 72 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഇരുവരും ചേർന്ന് 78 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തു. ഇതാണ് യുപിക്ക് നിർണായകമായത്.
അലീസ ഹീലി 12 റണ്‍സും സോഫി എക്ലെസ്റ്റോണ്‍ പുറത്താകാതെ 19 റണ്‍സുമെടുത്തു. മറ്റ് ബാറ്റർമാർക്ക് രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല. ഗുജറാത്തിനായി കിം ഗാർത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഗുജറാത്തിനായി ദയാലൻ ഹേമലതയും ആഷ്ലീഗ് ഗാർഡ്നറും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഹേമലത 33 പന്തിൽ 57 റണ്‍സെടുത്തപ്പോൾ ഗാർഡ്നർ 39 പന്തിൽ 60 റണ്‍സെടുത്തു. സോഫിയ ഡങ്ക്ലി 23 റണ്‍സും ലോറ വോൾവാർഡ് 17 റണ്‍സും നേടി. മറ്റാർക്കും രണ്ടക്കം കാണാൻ സാധിച്ചില്ല.
യുപിക്കായി രാജേശ്വരി ഗെയ്ക്വാദും പർശ്വി ചോപ്രയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ എട്ട് പോയിന്റുമായി യുപി പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.
യുപിക്ക് മൂന്ന് വിക്കറ്റ് ജയം, ഗുജറാത്തും ബംഗളൂരുവും പുറത്തായി
07:44 PM Mar 20, 2023 | Deepika.com